Kerala, News

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സമർപ്പിക്കേണ്ട തീയതി നീട്ടി

keralanews deadline for submitting online applications for plus one admission has been extended

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സമർപ്പിക്കേണ്ട തീയതി നീട്ടി.ഓഗസ്റ്റ് 24 മുതല്‍ ആയിരിക്കും അപേക്ഷകള്‍ സ്വീകരിക്കുക. നേരത്തെ ഓഗസ്റ്റ് 16 മുതലാണ് അപേക്ഷകള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് മാറ്റുകയായിരുന്നു.സംവരണവുമായി ബന്ധപ്പെട്ട കോടതി വിധികളുടെ പശ്ചാത്തലത്തില്‍ പ്രൊസ്പെക്ടസില്‍ മാറ്റം വരുത്തിയാണ് ഇത്തവണ അപേക്ഷ സ്വീകരിക്കുന്നത്. ഇതിലെ സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്നാണ് തിയതിയിലും മാറ്റം വരുത്തിയത്.മുന്നാക്ക സംവരണ മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പ്ലസ് വണ്‍ പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് നാളെ പ്രസിദ്ധീകരിക്കും.മാറ്റം വരുത്തിയ സോഫ്റ്റ്‌വെയര്‍ ഓണത്തിനു ശേഷം സജ്ജമാകുമെന്നതിനാലാണ് പ്രവേശന നടപടികള്‍ 24ലേക്കു മാറ്റിയത്. ഓരോ ജില്ലയിലെയും പ്ലസ് വണ്‍ അപേക്ഷകളുടെ സ്ഥിതി വിലയിരുത്തിയ ശേഷമേ സീറ്റുകളുടെ കാര്യത്തില്‍ വ്യക്തത ഉണ്ടാവുകയുള്ളു. വിദ്യാര്‍ഥികളില്ലാത്ത ഹയര്‍ സെക്കണ്ടറി കോഴ്സുകള്‍ കുട്ടികള്‍ ഏറെയുള്ള ജില്ലകളിലേക്ക് മാറ്റുന്നതടക്കം സര്‍കാരിന്റെ പരിഗണനയിലുണ്ട്. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് 10 ശതമാനം സംവരണം കഴിഞ്ഞ വര്‍ഷത്തേതുപോലെ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംവരണം സുപ്രീംകോടതി വിധിക്ക് വിരുദ്ധമാകില്ലെന്ന എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഏതാണ്ട് 20,000 സീറ്റുകള്‍ ഈ വിഭാഗക്കാര്‍ക്ക് ലഭിക്കും.

Previous ArticleNext Article