തിരുവനന്തപുരം:തിരുവനന്തപുരത്തും പാലക്കാടും കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ മാറി നല്‍കി.തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് ആദ്യ സംഭവം. നെയ്യാറ്റിന്‍കര തൊഴുക്കല്‍ സ്വദേശി പ്രസാദിന്റെ മൃതദേഹമാണ് മാറി നല്‍കിയതിനെത്തുടര്‍ന്ന് കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ സംസ്കരിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് മോര്‍ച്ചറിയിലെ സുരക്ഷാ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. വെള്ളിയാഴ്ചയാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പ്രസാദിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വഷളായതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം പോലീസുമായി എത്തിയ ബന്ധുക്കള്‍ക്ക് മൃതദേഹം കാണാനില്ലെന്ന മറുപടിയാണ് മോര്‍ച്ചറി ജീവനക്കാരില്‍ നിന്നും ലഭിച്ചത്. വിശദമായ അന്വേഷണത്തില്‍ വെള്ളായണി സ്വദേശി പ്രസാദിന്റെ ബന്ധുക്കള്‍ക്ക് മൃതദേഹം മാറി നല്‍കിയതായി കണ്ടെത്തി.സംഭവം വിവാദമായതോടെ മോര്‍ച്ചറിയിലെ സുരക്ഷാ ജീവനക്കാനെ മെഡിക്കല്‍ കോളേജ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു.
പാലക്കാട് കരുണ മെഡിക്കല്‍ കോളജിലാണ് രണ്ടാമത്തെ സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രി മരിച്ച രണ്ട് കൊവിഡ് രോഗികളുടെ മൃതദേഹമാണ് മാറിയത്. മങ്കര സ്വദേശിയുടെ മൃതദേഹത്തിന് പകരം ആലത്തൂര്‍ സ്വദേശിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് മാറി നല്‍കുകയായിരുന്നു.അതേസമയം ആശുപത്രി അധികൃതര്‍ വീഴ്‌ച സമ്മതിച്ചതയാണ് റിപ്പോര്‍ട്ട്. മോര്‍ച്ചറി ജീവനക്കാരന് പറ്റിയ തെറ്റെന്നാണ് ആശുപത്രിയുടെ വിശദീകരണം.സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.