ന്യൂഡൽഹി:കേരളം ഉൾപ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാർത്താസമ്മേളനം 4.30ന് നടക്കും.നേരത്തെ മാര്‍ച്ച് ഏഴിന് തീയതി പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കേരളം, തമിഴ്നാട്,ബംഗാൾ, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതിയാണ് ഇന്ന് പ്രഖ്യാപിക്കുക.കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിലും ഒന്നിലധികം ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യം കമ്മീഷന്‍റെ പരിഗണനയിലാണ്. നിയമസഭ തെരഞ്ഞെടുപ്പ് തീയതി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ 24ന് യോഗം ചേര്‍ന്നിരുന്നു. കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തി.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിളിച്ച യോഗത്തില്‍ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും, അഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍മാരും പങ്കെടുത്തിരുന്നു. പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം, വോട്ടിംഗ് മെഷീനുകളുടെ വിതരണം, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപനം എന്നിവ ഉൾപ്പെടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർ നൽകിയ റിപ്പോർട്ടുകൾ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിക്കുക.റമദാനും വിഷുവും പരിഗണിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിക്ക് മുൻപ് നടത്തണമെന്നാണ് ഇടത് മുന്നണി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ആവശ്യപ്പെട്ടത്. കൊട്ടിക്കലാശം പൂർണമായും ഒഴിവാക്കരുത്. പോസ്റ്റൽ വോട്ട് ലിസ്റ്റ് സ്ഥാനാർഥികൾക്ക് കൂടി ലഭ്യമാക്കണം. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് അക്ഷയ കേന്ദ്രങ്ങൾ തുക ചുമത്തുന്നത് ഒഴിവാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.ഏപ്രിൽ 8നും 12നുമിടയിൽ തെരഞ്ഞെടുപ്പ് വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. പോളിങ് സമയം ദീർഘിപ്പിക്കരുതെന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് മേയ് മാസത്തിൽ മതിയെന്നായിരുന്നു ബി.ജെ.പിയുടെ നിലപാട്.