തിരുവനന്തപുരം:കനത്ത മഴയിൽ സംസ്ഥാനത്തെ അണക്കെട്ടുകൾ നിറയുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പത്ത് മണിയോടെയാണ് യോഗം ആരംഭിക്കുക. മഴ ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. ഇടുക്കി പമ്പ അണക്കെട്ടുകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചത്.ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 2396.86 അടിയിലെത്തി. അണക്കെട്ടിലെ സംഭരണശേഷിയുടെ 92.6 ശതമാനം വെള്ളമാണ് നിലവിലുള്ളത്. പത്തനംതിട്ട പമ്പ അണക്കെട്ടിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഡാമുകൾ തുറക്കുന്ന കാര്യത്തിൽ ആശങ്ക വേണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ഇടുക്കി ഡാം ഇപ്പോൾ തുറക്കേണ്ട ആവശ്യമില്ല. ഡാമുകൾ തുറക്കേണ്ടിവന്നാൽ പകൽ സമയങ്ങളിൽ മാത്രമേ തുറക്കൂ. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചാൽ ശക്തമായ നടപടി എടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.