ചെന്നൈ: ഡിഎംകെ നേതാവും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ മുത്തുവേല്‍ കരുണാനിധി(94) അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ജൂലൈ ഇരുപത്തിയൊമ്പതാം തീയതിയാണ് രക്തസമ്മര്‍ദ്ദം താഴ്ന്നതിനെ തുടര്‍ന്ന് കരുണാനിധിയെ കാവേരി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി വഷളായെങ്കിലും പിന്നീട് മെച്ചപ്പെട്ടിരുന്നു. എന്നാല്‍ തിങ്കളാഴ്ച വൈകീട്ടോടെ ആരോഗ്യ സ്ഥിതി കൂടുതല്‍ മോശമായതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് വൈകീട്ടോടെയാണ് അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചെന്നും ചികിത്സകള്‍ ഫലം കാണുന്നില്ലെന്നുമുള്ള മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നത്. തുടര്‍ന്ന് വൈകീട്ട് 6.30 നാണ് അന്ത്യം സംഭവിച്ചത്.
1924 ജൂണ്‍ 3ന് തമിഴ്നാട്ടിലെ തിരുക്കുവളൈയിലാണ് കരുണാനിധി ജനിച്ചത്. 80 വര്‍ഷത്തോളം പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. തിരക്കഥാകൃത്ത്, കവി, നോവലിസ്റ്റ്, ജീവചരിത്രകാരന്‍ തുടങ്ങിയ നിലകളിലും ശ്രദ്ധേയനായിരുന്നു. രജതി അമ്മാള്‍, ദയാലു അമ്മാള്‍ എന്നിവരാണ് ഭാര്യമാര്‍. എം കെ സ്റ്റാലിന്‍, കനിമൊഴി, എം കെ അളഗിരി, എം കെ മുത്തു, എം കെ തമിഴരസു, എം കെ സെല്‍വി എന്നിവരാണ് മക്കള്‍.1969 മുതല്‍ 2011 വരെയായി അഞ്ച് തവണ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്നു. ഏറ്റവും കൂടുതല്‍ കാലം തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ആള്‍ എന്ന പദവിയും കരുണാനിധിക്ക് സ്വന്തമാണ്.എംജിആറിന്‍റെ മരണശേഷം 1989 ലാണ് കരുണാനിധി ആദ്യമായി മുഖ്യമന്ത്രി ആകുന്നത്. പിന്നീട് 1996-2001, 2006-2011 എന്നീ കാലഘട്ടങ്ങളിലും അദ്ദേഹം തമിഴ്നാടിന്‍റെ മുഖ്യമന്ത്രി പദം അലങ്കരിച്ചു. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിനപ്പുറം മികച്ച പ്രഭാഷകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും അദ്ദേഹം അറിയപ്പെട്ടു.