തിരുവനന്തപുരം: വിജിലന്‍സ് മുന്‍ ഡയരക്ടറും ഡി.ജി.പിയുമായ ജേക്കബ് തോമസിനെ എ.ഡി.ജി.പിയായി തരംതാഴ്ത്തും.നിരന്തരം സര്‍വീസ് ചട്ടലംഘനം നടത്തിയെന്നാരോപിച്ചാണ് നടപടിക്കൊരുങ്ങുന്നത്. ഇതു സംബന്ധിച്ച ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറി.വരുന്ന മേയ് 31ന് വിരമിക്കാനിരിക്കെയാണ് ജേക്കബ് തോമസിനെതിരെ നടപടി വരുന്നത്. ഇതാദ്യമായാണ് സംസ്ഥാനത്തെ ഒരു ഉന്നത ഉദ്യോഗസ്ഥനെ തരംതാഴ്ത്താനൊരുങ്ങുന്നത്.’സ്രാവുകള്‍ക്കൊപ്പം നീന്തുമ്ബോള്‍ എന്ന പുസ്തകം’ എഴുതിയത് ചട്ടവിരുദ്ധമായാണെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച മൂന്നംഗസമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് അധ്യക്ഷനും നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, പിആര്‍ഡി ഡയറക്ടര്‍ കെ.അമ്പാടി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. അതേസമയം, ജേക്കബ് തോമസ് ഐപിഎസ് ഉദ്യോഗസ്ഥനായതിനാല്‍ തരംതാഴ്ത്തല്‍ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് നിര്‍ണായകമാകും. നടപടിക്രമങ്ങളുടെ ഭാഗമായി ജേക്കബ് തോമസില്‍ നിന്ന് ഒരു തവണ കൂടി വിശദീകരണം തേടും. സംസ്ഥാന സര്‍ക്കാരിന്റെ നടപടി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാലേ അന്തിമ തീരുമാനമുണ്ടാകൂ.