ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ പരീക്ഷണം പുനരാരംഭിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ) അനുമതി നല്‍കി. അസ്ട്രസെനേക്കയും ഓക്സ്ഫഡ് സര്‍വകലാശാലയും സംയുക്തമായി വികസിപ്പിച്ച കോവിഡ് വാക്സിന്‍റെ പരീക്ഷണം പുനരാരംഭിക്കാനാണ് അനുമതി.യുകെയില്‍ വാക്സിന്‍ സ്വീകരിച്ചയാള്‍ക്ക് അജ്ഞാതരോഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരീക്ഷണം നിര്‍ത്തിവച്ചത്. ഇതേ തുടര്‍ന്നു നിര്‍ത്തിവച്ച കോവിഡ് വാക്സിന്‍ പരീക്ഷണം കഴിഞ്ഞ ദിവസം യുകെ പുനരാരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പരീക്ഷണം പുനരാരംഭിക്കാന്‍ തയാറാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡിസിജിഐയെ അറിയിച്ചത്.മെഡിസിന്‍സ് ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി (എംഎച്ച്‌ആര്‍എ) ഇത് സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരീക്ഷണം യുകെയില്‍ പുനരാരംഭിച്ചതെന്ന് ഓക്‌സ്ഫഡ് സര്‍വകലാശാല പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.