തിരുവനന്തുപുരം: തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ടൗട്ടെ ചുഴലിക്കാറ്റായി മാറി. ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റായി രൂപം കൊണ്ടിരിക്കുന്ന ന്യൂനമര്‍ദ്ദം 200 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുമെന്നാണ് അമേരിക്കന്‍ ഉപഗ്രഹ റിപ്പോര്‍ട്ട്. കേരളത്തിനൊപ്പം ഗോവ, മഹാരാഷ്ട്ര, ലക്ഷദ്വീപ് പ്രദേശങ്ങളിലും കനത്ത ജാഗ്രതയാണ് പാലിക്കേണ്ടതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ വകുപ്പറിയിച്ചു. നിലവില്‍ ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. എന്നാല്‍ ന്യൂനമര്‍ദത്തിന്‍റെ സഞ്ചാരപഥം കേരള തീരത്തോട് വളരെ അടുത്ത് നില്‍ക്കുന്നതിനാല്‍ കേരളത്തില്‍ മേയ് 15 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ കേരളതീരത്ത് മത്സ്യബന്ധനത്തിന് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം അതീവ ജാഗ്രതയിലാണ്. തീരപ്രദേശങ്ങളിലെല്ലാം വെള്ളം കയറിക്കൊണ്ടിരിക്കുന്നതിനാല്‍ നിരവധിപേരെ മാറ്റിപാര്‍പ്പിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. കൊച്ചിയുടെ പടിഞ്ഞാറന്‍ തീരം, ചുഴലിക്കാറ്റ് ബാധിക്കാനിടയുണ്ടെന്ന് കരുതുന്ന കണ്ണൂര്‍, കാസര്‍ഗോഡ് തീരമേഖലയിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ദുരന്തനിവാരണ സേനയ്ക്കൊപ്പം കരസേനയുടെ അഞ്ച് സംഘത്തെ വടക്കന്‍ ജില്ലകളിലേയ്ക്ക് വിന്യസിക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. വ്യോമസേനയും രക്ഷാപ്രവര്‍ത്ത നമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൊച്ചികേന്ദ്രീകരിച്ച് സജ്ജമാണ്.