ചെന്നൈ: ബംഗാൾ ഉൾക്കടലിൽ ശക്തി പ്രാപിച്ച് മാൻദൗസ് ചുഴലിക്കാറ്റ്. ശനിയാഴ്ച പുലർച്ചെയോടെ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം തൊടും. കാറ്റിന്റെ സ്വാധീന ഫലമായി കേരളത്തിലുൾപ്പെടെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അതിതീവ്ര ചുഴലിക്കാറ്റായ മാൻദൗസ് വരും മണിക്കൂറിൽ ശക്തി കുറഞ്ഞ് ചുഴലിക്കാറ്റായി മാറും. തുടർന്ന് അർദ്ധ രാത്രി തമിഴ്‌നാട് – പുതുച്ചേരി – തെക്കൻ ആന്ധ്രാ പ്രദേശ് തീരാത്തെത്തി പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്‌ക്കും ഇടയിൽ മഹാബലിപുരത്തിനു സമീപത്തുകൂടി മണിക്കൂറിൽ 65 – 75 കിലോമീറ്റർ വരെ വേഗതയിൽ പുലർച്ചെയോടെ കരയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.ഈ സാഹചര്യത്തില്‍ തമിഴ്‌നാട്, പുതുച്ചേരി, ദക്ഷിണ ആന്ധ്രാപ്രദേശ് തീരങ്ങളിലെ ജനങ്ങൾക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.തമിഴ്നാട്ടില്‍ നാഗപട്ടണം, തഞ്ചാവൂര്‍, തിരുവാരൂര്‍, കടലൂര്‍, മൈലാടുതുറൈ, ചെന്നൈ എന്നിവിടങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. പുതുച്ചേരിയിലും കാരയ്ക്കലിലും എന്‍ഡിആര്‍എഫിന്റെ മൂന്ന് ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ, രണ്ട് കണ്‍ട്രോള്‍ റൂമുകളും ഹെല്‍ത്ത് സെന്ററുകളും തുറന്നിട്ടുണ്ട്.ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പത്തിലധികം വിമാനസര്‍വീസുകള്‍ റദ്ദാക്കിയതായി ചെന്നൈ വിമാനത്താവള അധികൃതര്‍ അറിയിച്ചു.കോഴിക്കോട്, കണ്ണൂര്‍ വിമാനങ്ങളടക്കെം പതിനാറ് സര്‍വീസുകളാണ് വെള്ളിയാഴ്ച റദ്ദാക്കിയത്.ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അടിയന്തിര സാഹചര്യം വിലയിരുത്താൻ തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പാർക്കുകളും കളിസ്ഥലങ്ങളും തുറക്കരുതെന്നും ബീച്ച് സന്ദർശനം ഒഴിവാക്കണമെന്നും വാഹനങ്ങൾ മരങ്ങൾക്ക് താഴെ പാർക്ക് ചെയ്യരുതെന്നും ചെന്നൈ നഗരസഭ നിർദ്ദേശം നൽകിയിട്ടുണ്ട്.