Kerala, News

ബുറേവി ചുഴലിക്കാറ്റ്‌ ശ്രീലങ്കന്‍ തീരത്ത്‌;കേരളം കനത്ത ജാഗ്രതയിൽ; നാല്‌ ജില്ലകളില്‍ റെഡ്‌ അലര്‍ട്ട്‌

keralanews cyclone burevi in srilankan coast high alert in kerala red alert in four districts

തിരുവനന്തപുരം:ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ‘ബുറേവി’ ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരത്തെത്തി.ശ്രീലങ്കയില്‍ ട്രിങ്കോമാലിക്കും മുല്ലെതീവിനും ഇടയിലുടെയാണ് ചുഴലിക്കാറ്റ് കടന്ന് പോകുന്നത്. ശ്രീലങ്കയില്‍നിന്ന് ചുഴലിക്കാറ്റ് തെക്കന്‍ തമിഴ്നാട് തീരത്ത് പ്രവേശിക്കും. തമിഴ്നാട്ടില്‍ കനത്ത മഴ തുടങ്ങി.പാമ്പൻ ഭാഗങ്ങളിലും ധനുഷ്കോടിയിലും കനത്തമഴയാണ് പെയ്യുന്നത്.മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയുള്ള ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഉച്ചയോടെ തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകുമെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ചവരെ അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ഏതു സാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ജാഗ്രതാ നടപടികള്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചു. നാല് ജില്ലകളിൽ റെഡ്‌അലര്‍ട്ട് പ്രഖ്യാപിച്ചു. മുന്‍ കരുതലായി ഡാമുകള്‍ തുറന്നു.1077 ആണ് കണ്‍ട്രോള്‍ റൂം നമ്പർ.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകും. ശനിയാഴ്ചവരെ ഇത് തുടരും. കടല്‍ പ്രക്ഷുബ്ധമാകും.തിരുവനന്തപുരം ജില്ലയിലെ അപകട സാധ്യതാ മേഖലയിൽ താമസിക്കുന്ന ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിത്തുടങ്ങി.ഇതിനായി 180 ക്യാമ്പുകളാണ് തയാറാക്കിയിട്ടുള്ളത്. 11,050 ആളുകളെ ഈ ക്യാമ്പുകളിൽ സുരക്ഷിതമായി പാർപ്പിക്കാനാകും.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ മണിക്കൂറില്‍ 60 കിലോമീറ്ററിനു മുകളില്‍ വേഗതയില്‍ കാറ്റുണ്ടാകും. എറണാകുളത്തും ഇടുക്കിയില്‍ ചിലയിടത്തും 30 മുതല്‍ 40 കിലോമീറ്ററാകും വേഗത. താഴ്ന്ന പ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിനും മലയോരമേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയ്ക്കും സാധ്യതയുണ്ട്.ദേശീയ ദുരന്തനിവാരണ സേനയുടെ എട്ട് ടീമുകളെ വിന്യസിച്ചു.എയർഫോഴ്സും നാവികസേനയും സജ്ജമാണ്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമായി. എല്ലാ ജില്ലയിലും ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ചേര്‍ന്നു.ശബരിമല തീര്‍ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ തീരുമാനമെടുക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.

Previous ArticleNext Article