India, News

ആഞ്ഞടിച്ച് ഉം​പു​ന്‍ ചു​ഴ​ലി​ക്കാ​റ്റ്;ബംഗാളിലും ഒഡീഷയിലുമായി 14 മരണം

keralanews cyclone amphan strikes india 14 death in bengal and odisha

ന്യൂഡൽഹി:കനത്ത മഴയ്‌ക്കൊപ്പം ആഞ്ഞടിച്ച് ഉംപുന്‍ ചുഴലിക്കാറ്റ്.മണിക്കൂറിൽ 155 മുതല്‍ 165 കിലോമീറ്റര്‍ വേഗതയിലാണ് ബംഗാൾ തീരത്ത് കാറ്റ് വീശിയത്.കനത്തമഴയ്ക്കൊപ്പം എത്തിയ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായി.പശ്ചിമബംഗാളില്‍ 12 പേരും ഒഡീഷയില്‍ രണ്ടും പേരുമാണ് മരിച്ചു. ബംഗാളിലും ഒഡീഷയിലും കനത്ത മഴ തുടരുകയാണ്.5,500 വീടുകളാണ് പശ്ചിമബംഗാളില്‍ തകര്‍ന്നത്. കോല്‍ക്കത്ത നഗരത്തിലടക്കം വൈദ്യുതി തടസപ്പെട്ടു.ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് പശ്ചിമബംഗാളിലെ ദിഗ, ബംഗ്ലാദേശിലെ ഹാതിയ ദ്വീപ് എന്നിവയിലൂടെ ചുഴലിക്കാറ്റ് തീരംതൊട്ടത്.രാത്രി 7 മണിയോടെ കാറ്റിന്‍റെ തീവ്രത മണിക്കൂറിൽ 135 കിലോമീറ്ററിൽ എത്തി.കൊല്‍ക്കത്ത നഗരത്തിലാണ് കാറ്റ് വൻ നാശനഷ്ടം ഉണ്ടാക്കിയത്. ഇവിടെ വെള്ളപ്പൊക്കവും ഉണ്ടായി. നിരവധി വീടുകളും തകർന്നു. കൊൽക്കത്തയിൽ പലയിടങ്ങളിലും മരം കടപുഴകി വീണു ഗതാഗതവും തടസ്സപ്പെട്ടു.പശ്ചിമബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍നിന്ന് 6.5 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചിരുന്നു. ദേശീയ ദുരന്തനിവാരണ സേന(എന്‍ഡിആര്‍എഫ്)യുടെ 20 യൂണിറ്റ് ഒഡീഷയിലും 19 യൂണിറ്റ് ബംഗാളിലും പ്രവര്‍ത്തിക്കുന്നുണ്ട്. പശ്ചിമബംഗാളില്‍ അഞ്ചു ലക്ഷം പേരെയും ഒഡീഷയില്‍ 1.58 ലക്ഷം പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചത്. കനത്തമഴയില്‍ ഇരു സംസ്ഥാനത്തെയും തീരമേഖലയില്‍ വീടുകള്‍ തകര്‍ന്നു. മണ്ണുകൊണ്ട് നിര്‍മിച്ച വീടുകള്‍ നിലംപരിശായി. റോഡുകളില്‍ വീണ മരങ്ങള്‍ എന്‍ഡിആര്‍എഫിന്‍റെ നേതൃത്വത്തില്‍ യന്ത്രസഹായത്തോടെ മുറിച്ചു മാറ്റി.ബംഗാള്‍ ഉള്‍ക്കടലില്‍ സൂപ്പര്‍ സൈക്ലോണായി രൂപപ്പെട്ട ഉംപുന്‍ ശക്തിക്ഷയിച്ച്‌ അതിതീവ്ര ചുഴലിക്കാറ്റായി മാറുകയായിരുന്നു. ഇന്ന് ഉച്ചയോടെ ചുഴലിക്കാറ്റിന്‍റെ തീവ്രത കുറഞ്ഞ് ബംഗ്ലാദേശിലേയ്ക്ക് നീങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ.

Previous ArticleNext Article