കൊല്‍ക്കത്ത:പശ്ചിമ ബംഗാളില്‍ പരക്കെ നാശം വിതച്ച ഉംപുന്‍ ചുഴലിയില്‍ 72 പേര്‍ മരിച്ചു. ഇരുപതിനായിരത്തിലേറെ വീടുകള്‍ തകര്‍ന്നു. 185 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച കാറ്റില്‍ ഒഡിഷയിലും വ്യാപക നാശം. വൈദ്യുതി, വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ താറുമാറായി. പലയിടത്തും റോഡുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.ബുധനാഴ്ച വൈകിട്ടുമുതല്‍ വീശിയടിച്ച കാറ്റ് വ്യാഴാഴ്ച ഉച്ചയോടെ കൊല്‍ക്കത്തയുടെ വടക്ക്-കിഴക്കന്‍ ദിശയിലൂടെ നീങ്ങി ബംഗ്ലാദേശിലെത്തി. കാറ്റ് തീവ്രത കുറഞ്ഞ് തീവ്ര ന്യൂനമര്‍ദമായി.ഇപ്പോള്‍ മണിക്കൂറില്‍ ആറു കിലോമീറ്റര്‍ വേഗത്തില്‍ നീങ്ങുന്ന ഉംപുന്‍ ചുഴലി വെള്ളിയാഴ്ച വൈകിട്ടോടെ പൂര്‍ണമായും ഇല്ലാതാകും.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഉംപുന്‍ ചുഴലിക്കാറ്റ് ബുധനാഴ്ചയാണ് ബംഗാളിലെ സുന്ദര്‍ബനു സമീപം തീരത്തെത്തിയത്. ഒഡിഷയില്‍ 44 ലക്ഷത്തോളം പേരെ ബാധിച്ചു.ബംഗാളില്‍ അഞ്ചു ലക്ഷം പേരെയും ഒഡിഷയില്‍ 2.37 ലക്ഷം പേരെയും മാറ്റി താമസിപ്പിച്ചു. വെള്ളം കയറിയതിനെത്തുടര്‍ന്ന് മണിക്കൂറുകളോളം പ്രവര്‍ത്തനം നിര്‍ത്തിവച്ച കൊല്‍ക്കത്ത വിമാനത്താവളം വ്യാഴാഴ്ച പകല്‍ 12ന് പുനരാരംഭിച്ചു.ബംഗാളില്‍ ദക്ഷിണ 24 പര്‍ഗാനാസ്-18, ഉത്തര 24 പര്‍ഗാനാസ്-17, കൊല്‍ക്കത്ത-15 എന്നിവിടങ്ങളിലാണ് കൂടുതല്‍ മരണം. കൊല്‍ക്കത്ത, നോര്‍ത്ത് 24 പര്‍ഗാനാസ്, സൗത്ത് 24 പര്‍ഗാനാസ്, കിഴക്കന്‍ മേദിനിപ്പുര്‍, ഹൗറ ജില്ലകളില്‍ കനത്ത നാശമുണ്ടായി. നോര്‍ത്ത് 24 പര്‍ഗാനാസില്‍ ഇച്ഛാമതി നദിക്കരയിലുള്ള മുഴുവന്‍ വീടും ഒഴുകിപ്പോയി. 50 ഗ്രാമങ്ങളില്‍ വെള്ളം കയറി. 20 ഗ്രാമങ്ങള്‍ ഇപ്പോഴും പൂര്‍ണമായും വെള്ളത്തിനടിയിലാണ്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ദേശീയ ദുരന്ത പ്രതികരണ സേനയുടെ നാലു ടീമുകളെക്കൂടി വിമാനമാര്‍ഗം ബംഗാളിലെത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി വെള്ളിയാഴ്ച ബംഗാള്‍ സന്ദര്‍ശിക്കും.രാജ്യം മുഴുവന്‍ ബംഗാളിനൊപ്പം നില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡിനേക്കാളും നാശമാണ് ഉംപുന്‍ ഉണ്ടാക്കിയതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.