കൊച്ചി: മുൻ നാവിക സേന ഉദ്യോഗതനായ കുൽഭൂഷൺ യാദവിനായുള്ള പ്രാർത്ഥനയിലാണ് രാജ്യമിപ്പോൾ. അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ സമ്മർദ്ദം ചെലുത്തിയ ഇന്ത്യ, ഉടനെ വധശിക്ഷ നടപ്പിലാക്കില്ലെന്നു പ്രഖ്യാപിക്കാൻ പാകിസ്താനെ നിർബന്ധിതമാക്കി. കുൽഭൂഷണെ തൊട്ടാൽ പാക്കിസ്ഥാനുള്ള തിരിച്ചടി കാണാത്തതാകുമെന്നു ഇന്ത്യ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഇപ്പോഴിതാ മറ്റൊരു മുന്നറിയിപ്പുമായാണ് ഈ മലയാളികൾ രംഗത്തെത്തിയിരിക്കുന്നത്. സൈബർ വാരിയേഴ്‌സ് എന്ന മലയാളികളുടെ സ്വന്തം ഹാക്കിങ് വീരന്മാരാണ് 300ലധികം പാക് സൈറ്റുകൾ തകർത്തു പാകിസ്താന് മുന്നറിയിപ്പ് നൽകിയത്.
പാക് സൈബറിടത്തിനു സൈബർ വാരിയേഴ്സിനെ അങ്ങനെ മറക്കാനാവില്ല. ഒരുകാലത്തു പാക് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റിൽ പോലും മമ്മൂട്ടിയും സലിം കുമാറുമെല്ലാം നിറഞ്ഞു നിന്നിരുന്നു. എം ടി യുടെ വെബ്സൈറ്റ് അക്രമിച്ചതിനുള്ള പ്രതികരമായിരുന്നു ഇത്. ഇന്ത്യൻ ചാരനെന്നു ആരോപിച്ച് പിടികൂടിയ മുൻ നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ യാദവിന് കഴിഞ്ഞ ദിവസമാണ് പാകിസ്ഥാൻ വധ ശിക്ഷ വിധിച്ചത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ ഉദ്യോഗസ്ഥനാണ് കുൽഭൂഷൺ എന്നാണ് പാകിസ്താന്റെ ആരോപണം.