Kerala, News

ശ്രീജിത്തിന് പിന്തുണയുമായി സൈബർ കൂട്ടായ്മയുടെ പ്രതിഷേധ മാർച്ച് ഇന്ന് തിരുവനന്തപുരത്ത്

keralanews cyber community protest today to support sreejith in thiruvananthapuram

തിരുവനന്തപുരം:തന്റെ സഹോദരനെ കൊന്നവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന ശ്രീജിത്തിന്  പിന്തുണ പ്രഖ്യാപിച്ച് സൈബർ കൂട്ടായ്മ്മ നടത്തുന്ന പ്രതിഷേധ മാർച്ച് ഇന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കും.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകളാണ് ജസ്റ്റിസ് ഫോർ ശ്രീജിത്ത് എന്ന പ്ലക്കാഡുകളുമായി തെരുവിൽ ഇറങ്ങിയിരിക്കുന്നത്.പ്രമുഖർക്ക് മാത്രമല്ല ശ്രീജിത്തിനും നീതി ലഭിക്കണമെന്ന ആഹ്വാനവുമായാണ് യുവാക്കൾ പ്രതിഷേധപ്രകടനം നടത്തുന്നത്. അയൽവാസിയായ പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ പോലീസുകാർ തല്ലിക്കൊന്ന തന്റെ സഹോദരന് നീട്ടി കിട്ടണം എന്നാവശ്യപ്പെട്ട് ശ്രീജിത്ത് സെക്രെട്ടെറിയേറ്റ് പടിക്കൽ  സമരം ആരംഭിച്ചിട്ട് 764 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. അയൽവാസിയായ പെൺകുട്ടിയെ പ്രണയിച്ച ശ്രീജിത്തിന്റെ അനുജൻ ശ്രീജീവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ ഉന്നത സ്വാധീനമുപയോഗിച്ച് കള്ളക്കേസിൽ കുടുക്കുകയായിരുന്നു.അനുജനെ കൊന്നവർക്കെതിരെ നിയമ നടപടി എടുക്കണം.കൊലപാതകം സിബിഐ അന്വേഷിക്കണം എന്നതാണ് ശ്രീജിത്തിന്റെ ആവശ്യം.ഇത് നേടിയെടുക്കും വരെ സെക്രെട്ടെറിയേറ്റ് പടിക്കൽ സമരം കിടക്കുമെന്നും ശ്രീജിത്ത് പറഞ്ഞു.2014 മെയ് 21 നാണ് ശ്രീജിത്തിന്റെ അനുജൻ ശ്രീജീവ് പാറശ്ശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെടുന്നത്.അടിവസ്ത്രത്തിൽ സൂക്ഷിച്ച വിഷം കഴിച്ച് ശ്രീജീവ് ആത്മഹത്യ ചെയ്തു എന്നാണ് മരണത്തെ കുറിച്ച് പോലീസ് പറഞ്ഞത്.എന്നാൽ ശ്രീജിവിന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നു എന്നും പോലീസ് മർദ്ദനത്തെ തുടർന്നാണ് ശ്രീജിവ് മരിച്ചതെന്നും കുടുംബം ആരോപിച്ചു.തുടർന്ന് അന്നത്തെ സിഐ ആയിരുന്ന ഗോപകുമാറും എസ്‌ഐ ഫിലിപ്പോസും ചേർന്ന് ശ്രീജിവിനെ ക്രൂരമായി മർദിച്ചു എന്നും അതിനു മറ്റു സിവിൽ പോലീസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിരുന്നു എന്നും പോലീസ് കംപ്ലൈന്റ്റ് അതോറിറ്റി കണ്ടെത്തിയിരുന്നു.വ്യാജരേഖ ചമച്ചു പ്രതികളായ പോലിസുകാർ രക്ഷപ്പെടുകയും ചെയ്തു.

Previous ArticleNext Article