മംഗലൂരു:മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ ആദിത്യ റാവുവിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് സയനൈഡ് ശേഖരം കണ്ടെത്തി.കര്‍ണാടക ബാങ്കിന്റെ ഉഡുപ്പി കുഞ്ചിബെട്ടു ബ്രാഞ്ചിലെ ലോക്കറില്‍ നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സയനൈഡ് ശേഖരം കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധനയില്‍ ഇത് സയനൈഡ് ആണെന്ന് തെളിഞ്ഞിട്ടുമുണ്ട്. വിമാനത്താവളത്തില്‍ ബോംബ് വയ്ക്കാന്‍ കാരണം ജോലി കിട്ടാത്തതിന്റെ പ്രതികാരമാണെന്നാണ് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് നേരത്തേ പറഞ്ഞിരുന്നത്. മംഗളൂരു വിമാനത്താവളത്തില്‍ ജോലിക്ക് അപേക്ഷിച്ചിട്ട് അവിടെ ജോലി ലഭിക്കാത്തതിന്റെ ദേഷ്യത്തിലാണ് ബോംബ് വെച്ചതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇയാളുടെ ബാങ്ക് ലോക്കറില്‍ നിന്ന് സയനൈഡ് ശേഖരം കണ്ടെത്തിയതോടെ പോലീസ് കേസ് പുതിയ വഴിത്തിരിവിലേക്ക് എത്തിയിരിക്കുകയാണ്.ജനുവരി 20നാണ് വിമാനത്താവളത്തില്‍ ബോംബ് കണ്ടെത്തിയത്. പ്രതി ആദിത്യ റാവു പോലീസില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. രാവിലെ 8.45 ഓടെയാണ് മംഗലൂരു വിമാനത്താവളത്തിലെ ഇന്‍ഡിഗോ ടിക്കറ്റ് കൗണ്ടറിന് സമീപം കറുത്ത ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് സിഐഎസ് എഫ് നടത്തിയ പരിശോധനയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വൈകിട്ട് 5.40 ഓടെയാണ് ബോംബ് നിര്‍വീര്യമാക്കിയത്. പത്ത് കിലോ സ്‌ഫോടകശക്തിയുള്ള ഐഇഡി ബോംബാണ് കണ്ടെത്തിയതെന്ന് വിദഗ്ദ സംഘം സ്ഥിരീകരിച്ചു.അരകിലോമീറ്റര്‍ ചുറ്റളവില്‍ ആഘാതമുണ്ടാക്കുവാനുള്ള പ്രഹര ശേഷി കണ്ടെടുത്ത ബോംബിനുണ്ടെന്നും അധികൃതര്‍ സൂചിപ്പിച്ചു.