കാസർകോട്: ഉപ്പള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ റാഗിങിന്റെ പേരിൽ വിദ്യാർത്ഥിയുടെ മുടി മുറിച്ചുമാറ്റിയതായി പരാതി. പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മുടി പത്തോളം വരുന്ന സീനിയര്‍ വിദ്യാര്‍ഥികള്‍ ബലമായി മുറിച്ചുമാറ്റിയതായാണ് പരാതി.കഴിഞ്ഞ ചൊവ്വാഴ്ച സ്കൂളിന് സമീപത്ത് വെച്ചാണ് മുടിമുറിച്ചത്.തിങ്കളാഴ്ച മുടി മുറിച്ചതിനു ശേഷം മാത്രമേ സ്കൂളിലേക്ക് വരാൻ പാടുള്ളൂ എന്ന് പ്ലസ്ടു വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മുടി വളര്‍ത്തുന്നതാണെന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥി അറിയിച്ചതോടെ ബലമായി മുറിച്ചുമാറ്റുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സ്കൂളിലേക്ക് പോകാന്‍ പേടിയാണെന്നും മുടി മുറിച്ചത് മാനസികമായി തളര്‍ത്തിയെന്നും റാഗിങിന് ഇരയായ കുട്ടി പറഞ്ഞു.ശനിയാഴ്ച രാവിലെ പത്തിന് രക്ഷിതാക്കളുടെയും സ്കൂള്‍ അധികൃതരുടെയും യോഗം നടക്കുന്നുണ്ട്. അതിന് ശേഷമാകും സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് എതിരെയുള്ള നടപടി.സംഭവം ഗൗരവമായി കാണുന്നതായി പ്രിന്‍സിപ്പലിന്റെ ചുമതല വഹിക്കുന്ന സജീഷ് പറഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ പരാതി ലഭിച്ചിട്ടില്ല. പരാതി ലഭിക്കുന്നതനുസരിച്ച് പൊലീസിനെ സമീപിക്കും. സംഭവത്തില്‍ നടപടിയുണ്ടാകുമെന്നും സജീഷ് അറിയിച്ചു.സംഭവം അറിഞ്ഞ് പൊലീസ് സ്കൂളില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു.