തിരുവനന്തപുരം : ഡിപ്ലോമാറ്റിക് ബാഗേജ് വഴി ഖുര്‍ ആന്‍ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റിനെതിരെ കസ്റ്റംസ് കേസെടുത്തു. ഡിപ്ലോമാറ്റിക് ബാഗേജ് വഴി കൊണ്ടുവരുന്നത് കോണ്‍സുലേറ്റിന് ആവശ്യമുള്ള അവശ്യ വസ്തുക്കളാണ്. ഇത് വിതരണം ചെയ്യണമെങ്കില്‍ രാജ്യത്തിന്റെ അനുമതി വേണം. നടപടികള്‍ പാലിക്കാതെയാണ് ഇത് പുറത്തേയ്ക്ക് നല്‍കിയതെന്നും ആരോപിച്ചാണ് കസറ്റംസ് കേസെടുത്തിരിക്കുന്നത്. ഡിപ്ലോമാറ്റിക് ബാഗേജിന്റെ മറവില്‍ നടത്തിയ ഇടപാടുകള്‍ക്കെതിരെ യുഎഇ കോണ്‍സുലേറ്റ് കൈക്കൊള്ളുന്ന ആദ്യ നടപടിയാണ് ഇത്. വിഷയത്തില്‍ മന്ത്രി കെ.ടി. ജലീലിനെയും ചോദ്യം ചെയ്യും.വ്യാഴാഴ്ച കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ വിളിപ്പിച്ച് മന്ത്രി കെ.ടി. ജലീലിനെ എട്ട് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ കസ്റ്റംസും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി എത്തിയ ഖുര്‍ആന്‍ കൈപ്പറ്റിയത് കേന്ദ്ര സര്‍ക്കാരിനെ എന്തുകൊണ്ട് അറിയിച്ചില്ലെന്ന് എന്‍ഐഎ കെ.ടി. ജലീലിനോട് ചോദിച്ചതായാണ് വിവരം. കോണ്‍സുല്‍ ജനറല്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇത് കൈപ്പറ്റിയതെന്നും എന്നാല്‍ എന്തുണ്ട് കേന്ദ്രത്തിന്റെ അനുമതി വാങ്ങിയില്ല എന്ന എന്‍ഐഎയുടെ ചോദ്യത്തിന് മന്ത്രിക്ക് ഉത്തരം മുട്ടിയതായും സൂചനയുണ്ട്. കോണ്‍സുലേറ്റുമായുള്ള ഇടപെടലില്‍ മന്ത്രി പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച മൊഴി എന്‍ഐഎ കേന്ദ്ര ഓഫീസിന് കൈമാറി കഴിഞ്ഞു.അതേസമയം, സര്‍ക്കാരിനെ ഇകഴ്ത്താന്‍ പ്രതിപക്ഷം ഖുര്‍ആനെ രാഷ്ട്രീയ ആയുധമാക്കുന്നെന്ന ആരോപണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്തെത്തി. ഖുര്‍ ആന്‍ സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടുപോയതില്‍ തെറ്റില്ല. നടക്കുന്നത് ഖുര്‍ ആന്‍ അവഹേളനമാണെന്നും കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു.