Kerala, News

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ്; തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം

keralanews customs notice to arjun ayanki in karipur gold smuggling case instruction to appear for questioning on monday

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷഫീഖിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഇന്ന് അപേക്ഷ സമര്‍പ്പിക്കും.അര്‍ജുന് കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷെഫീഖുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. ഷെഫീഖ് അര്‍ജുന്‍ ആയങ്കിയെ നിരവധി തവണ വിളിച്ചതിന്‍റെ രേഖകളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഷഫീഖിനെ അവസാനമായി വിളിച്ചത് അര്‍ജുനായിരുന്നു. ഷഫീഖ് വിമാനത്താവളത്തിനുള്ളില്‍വെച്ച്‌ കസ്റ്റംസ് പിടിയിലായ വിവരം അറിഞ്ഞയുടന്‍ അര്‍ജുന്‍ ഫോണ്‍ സ്വിച്ച്‌ ഓഫാക്കി ഒളിവില്‍ പോകുകയായിരുന്നു.രാമനാട്ടുകരയില്‍ അപകടം നടന്ന ദിവസം അര്‍ജുന്‍ ആയങ്കി അവിടെ എത്തിയിരുന്നെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. കേസില്‍ കാണാതായ അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കണ്ടെത്താനുള്ള ശ്രമവും കസ്റ്റംസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.കണ്ണൂര്‍ അഴീക്കോട്ട് പൂട്ടിക്കിടന്ന ഉരു നിര്‍മ്മാണശാലയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ വാഹനം കഴിഞ്ഞ ദിവസം കാണാതായിരുന്നു. കസ്റ്റംസ് എത്തുന്നതിന് തൊട്ടു മുൻപ് കാര്‍ ഇവിടെ നിന്നും കടത്തി. അര്‍ജുന്‍ ആയങ്കിലും സംഘം തന്നെയാണ് കാര്‍ കടത്തിയതെന്നാണ് സംശയം. അതിനിടയില്‍ ആശുപത്രി ആവശ്യത്തിനെന്ന് പറഞ്ഞ് വാങ്ങിക്കൊണ്ടു പോയ കാര്‍ തിരിച്ചു തന്നില്ലെന്ന പരാതിയുമായി കാറിന്റെ ഉടമസ്ഥാന്‍ കണ്ണൂര്‍ ഡിവൈഎസ്പിയ്ക്ക് മുന്നിലെത്തിയിട്ടുണ്ട്. അര്‍ജുന്‍ ആയങ്കിയുടെ കണ്ണൂര്‍ അഴീക്കോലിലെ വീട്ടില്‍ ഇന്നലെ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. കണ്ണൂരില്‍ നിന്നുള്ള സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഇടനിലക്കാരനാണ് അര്‍ജുന്‍ എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന സൂചന.

Previous ArticleNext Article