കൊച്ചി : കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തില്‍ അന്വേഷണം കടുപ്പിച്ച് കസ്റ്റംസ്. സ്വര്‍ണ്ണക്കടത്തില്‍ അര്ജുന് ആയങ്കിക്ക് മുഖ്യപങ്കുണ്ടെന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അറസ്റ്റിലായ അര്ജുന് ആയങ്കിയെയും മുഹമ്മദ് ഷഫീഖിനെയും കസ്റ്റംസ് ഇന്നും ചോദ്യം ചെയ്യും. ഷഫീഖ് മൊഴിയില്‍ ഉറച്ചു നിൽക്കുമ്പോൾ താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിക്കുകയാണ് അര്ജുന് ആയങ്കി. നിര്‍ണായക തെളിവായ അര്‍ജുന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ ഉള്ള ശ്രമം അന്വേഷണ സംഘം തുടരുകയാണ്.ഫോണ്‍ പുഴയില്‍ കളഞ്ഞുപോയെന്നാണ് കസ്റ്റംസിന് മൊഴിനല്കിയിരിക്കുന്നത്. ഇതോടെ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കലാണ് കസ്റ്റംസിന് മുന്നിലുള്ള വഴി.മൊബൈല്‍ ഫോണ്‍ സേവനദാതാക്കളില്‍നിന്ന് അര്‍ജുന്റെ കോള്‍ഡേറ്റ ശേഖരിക്കും. അര്‍ജുനുമായി നിരന്തരം ചാറ്റുകളിലേര്‍പ്പെട്ടിരുന്നവരുടെ വാട്സാപ്പ് ചാറ്റുകളും വോയ്സ് ക്ലിപ്പുകളും പരിശോധിക്കാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി അര്‍ജുന്റെ ഉന്നതതല ബന്ധം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരിപ്പൂരില്‍ പിടികൂടിയ 2.33 കിലോഗ്രാം സ്വര്‍ണം എത്തിയത് അര്‍ജുനു വേണ്ടിയാണെന്ന തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് കസ്റ്റംസ് അന്വേഷണം പുരോഗമിക്കുന്നത്. കാരിയറായി എത്തിയ ഷെഫീഖിന്റെ വാട്സാപ്പില്‍ എല്ലാം വ്യക്തമാണ്. ഷെഫീഖ് സ്വര്‍ണം കൊടുക്കാന്‍ ഉദ്ദേശിച്ചിരുന്നത് ആയങ്കിക്ക് മാത്രമാണ്. പിടിയിലായ വിവരം ഷെഫീഖ് ആദ്യം അറിയിച്ചതും ആയങ്കിയെ തന്നെയാണ്. മുഹമ്മദ് ഷഫീഖിന്റെ മൊഴിയനുസരിച്ചു സ്വര്‍ണം കടത്തിയത് അര്‍ജുനു വേണ്ടിത്തന്നെയാണ്. ദുബായിയില്‍ സ്വര്‍ണം ഏല്പിച്ചവര് പറഞ്ഞതും അത് അർജുന് കൈമാറാനാണ്. അര്ജുന് എതിരായ പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് കസ്റ്റംസിന്റെ നീക്കം.