ബെംഗളൂരു:ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി 5 ദിവസത്തേക്ക് കൂടി നീട്ടി. ബംഗളുരുവിലെ സിറ്റി സിവില്‍ കോടതിയുടേതാണ് ഉത്തരവ്.മുന്‍പ് എന്‍ഫോഴ്‌സ്‌നെന്റ് കസ്റ്റഡിയില്‍ 4ദിവസമാണ് കോടതി അനുവദിച്ചിരുന്നത്. എന്നാല്‍, ഇതില്‍ രണ്ട് ദിവസം ചോദ്യം ചെയ്യല്‍ നടന്നില്ലെന്ന ഇ.ഡിയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മാത്രമല്ല, ബിനീഷ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും ഇ.ഡി കോടതിയില്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡി കാലാവധി നീട്ടി ചോദിച്ചുകൊണ്ടുള്ള ആവശ്യം ബംഗളുരുവിലെ സിറ്റി സിവില്‍ കോടതി അംഗീകരിച്ചത്.അതേസമയം, കസ്റ്റഡിയിലിരിക്കെ താന്‍ പത്ത് പ്രാവശ്യം ഛര്‍ദ്ദിച്ചുവെന്ന് ബിനീഷും കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇന്നും ചോദ്യം ചെയ്യലിനായി ഇ.ഡി ഓഫീസില്‍ എത്തിച്ച ബിനീഷിനെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് തിരികെ കൊണ്ട് പോകുകയായിരുന്നു.അതിനിടെ ബിനീഷ് കോടിയേരിയെ കാണാന്‍ ഇഡി ഉദ്യോഗസ്ഥര്‍ അനുവാദം നല്‍കാത്തതിനെതിരെ അഭിഭാഷകര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കില്ല. നവംബര്‍ അഞ്ചിന് പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്.50 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് ഇഡി അവകാശപ്പെടുന്ന കേസില്‍ ജാമ്യം അനുവദിക്കാന്‍ നിയമമുണ്ടെന്നും, പണത്തിന്‍റെ സ്രോതസ്സിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇതിനോടകം സമര്‍പ്പിച്ചിട്ടുണ്ടെന്നും ബീനിഷ് നല്‍കിയ ജാമ്യാപേക്ഷയില്‍ പറയുന്നു. ഇഡിയുടെ നടപടിക്കെതിരെ ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിട്ടുണ്ട്.