കണ്ണൂർ:അഴീക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെ.എം.ഷാജി എം.എല്‍.എ കോഴ വാങ്ങിയെന്ന പരാതിയിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലീഗ് നേതാക്കളില്‍ നിന്നും മൊഴിയെടുക്കും.ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുള്‍പ്പെടെ രണ്ട് നേതാക്കളോട് ഇന്ന് കോഴിക്കോട് സബ് സോണല്‍ ഓഫിസിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍ എം.എല്‍.എ പണം വാങ്ങിയത് ലീഗ് നേതാക്കളുടെ അറിവോടെയെന്ന പരാതിയിലാണ് ആദ്യഘട്ട അന്വേഷണം. ചോദ്യം ചെയ്യലിനും മൊഴിയെടുക്കുന്നതിനുമായി എം.എല്‍.എ ഉള്‍പ്പെടെ മുപ്പത്തിലധികമാളുകള്‍ക്കാണ് ഇ.ഡി നോട്ടിസ് നല്‍കിയിട്ടുള്ളത്. പരാതിക്കാരനായ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്റെ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്നും ഷാജി 25 ലക്ഷം കോഴ വാങ്ങിയതായി പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നാണ് വിജിലന്‍സ് എഫ് ഐ ആറില്‍ പറയുന്നത്. സ്‌കൂളിലെ വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നും സാക്ഷിമൊഴികളില്‍ നിന്നുമാണ് ഇത് വ്യക്തമായതെന്നും വിജിലന്‍സ് തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ച എഫ് ഐ ആറിലുണ്ട്.