Kerala, News

താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെ തുടർന്ന് കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം;നൂറോളം സർവീസുകൾ മുടങ്ങി

keralanews crisis hits ksrtc as temporary drivers dismissed and hundreds of trips canceled

തിരുവനന്തപുരം:താത്കാലിക ജീവനക്കാരായ 2320 ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ കെഎസ്‌ആര്‍ടിസിയിലെ സര്‍വീസുകള്‍ പ്രതിസന്ധിയില്‍. ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിന് പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ കോര്‍പ്പറേഷന് ഇതുവരെ കഴിയാത്തതിനാല്‍ വ്യാഴാഴ്ച മാത്രം 800ഓളം സര്‍വ്വീസുകള്‍ മുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച 1200ലധികം സര്‍വീസുകള്‍ മുടങ്ങിയേക്കുമെന്നാണ് സൂചന. വരുമാനം കുറവുള്ള ഓര്‍ഡിനറി ബസുകള്‍ റദ്ദാക്കി പരമാവധി ദീര്‍ഘദൂരബസുകള്‍ ഓടിക്കാനുള്ള ശ്രമത്തിലാണ് കോര്‍പ്പറേഷന്‍.എന്നാല്‍ ഇത് ഗ്രാമീണമേഖലകളിലെ യാത്രക്കാരെ സാരമായി ബാധിക്കുന്ന തീരുമാനമാണ്. ഇതോടൊപ്പം, യാത്രക്കാരും വരുമാനവും കൂടുതലുള്ള റൂട്ടുകളിലെ സര്‍വ്വീസുകള്‍ മുടങ്ങാതിരിക്കാന്‍ കെഎസ്‌ആര്‍ടിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥിരം ഡ്രൈവര്‍മാരോട് അവധി നിയന്ത്രിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.സാമ്പത്തിക നില മോശമായതിനാല്‍ ശമ്പള വിതരണവും മുടങ്ങി.പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ അധികമായി 40 കോടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓണത്തിന് അധികസഹായം നല്‍കിയതിനാല്‍ ഈ മാസം 16 കോടി നല്‍കാനാകൂ എന്ന നിലപാടിലാണ് ധനവകുപ്പ്.ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം എംപാനല്‍ ജീവനക്കാരെ ജൂണ്‍ 30 മുതലാണ് പിരിച്ചുവിട്ടത്.എന്നാൽ ഇതില്‍ ചിലരെ സര്‍വ്വീസ് തടസപ്പെടാതിരിക്കാന്‍ പല സ്ഥലങ്ങളിലും ദിവസ വേതനത്തില്‍ ജോലിക്ക് നിയമിച്ചിരുന്നു.ഇതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് എല്ലാ താല്‍ക്കാലികക്കാരെയും പിരിച്ചുവിടാന്‍ കോടതി ഉത്തരവിട്ടത്.പി.എസ്.സി.വഴി മാത്രമേ സ്ഥിരനിയമനം പാടുള്ളൂ. ആവശ്യമെങ്കില്‍ നിയമവിധേയമായി താത്കാലിക നിയമനം ആകാമെന്നാണ് കോടതിവിധി.

Previous ArticleNext Article