Kerala, News

പിണറായി കൂട്ടക്കൊലക്കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും;സൗമ്യയുടെ മരണവും ക്രൈം ബ്രാഞ്ചിന്

keralanews crime branch will investigate pinarayi gang murder case the death of soumya will also investigate by c b i

കണ്ണൂർ:പിണറായി കൂട്ടക്കൊലക്കേസ് വീണ്ടും അന്വേഷിക്കാൻ തീരുമാനം.പോലീസ് കുറ്റപത്രം നല്‍കിയ മൂന്ന് കേസുകളും തുടര്‍ അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറി. മുഖ്യപ്രതിയായ സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവവും ക്രൈംബ്രാഞ്ച് അന്വേഷിക്കും. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ മറ്റൊരാളെന്ന് ആരോപിക്കുന്ന സൗമ്യയുടെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തതോടെയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചത്.ഡിജിപി ലോക്നാഥ് ബെഹ്‌റയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.ഏറെ ദുരൂഹത നിറഞ്ഞതാണ് സൗമ്യ നടത്തിയതെന്ന് പറയപ്പെടുന്ന പിണറായിയിലെ കൂട്ടക്കൊലക്കേസ്.സൗമ്യയുടെ ഒൻപതുവയസ്സുകാരിയായ മകള്‍ ഐശ്വര്യ, പിതാവ് കുഞ്ഞിക്കണ്ണന്‍, മാതാവ് കമല എന്നിവരാണ് ഏതാനും ആഴ്ചകളുടെ ഇടവേളകളില്‍ മരിച്ചത്. ഛര്‍ദിയും വയറ്റിലെ അസ്വസ്ഥതകളും മൂലമുണ്ടായ മരണങ്ങള്‍ എന്നാണ് ആദ്യം കരുതിയതെങ്കിലും എലിവിഷം നല്‍കി സൗമ്യ കൊലപ്പെടുത്തിയതാണെന്ന് പിന്നീട് പോലീസ് കണ്ടെത്തുകയായിരുന്നു.തന്റെ വഴിവിട്ട ജീവിതത്തിനു ഇവർ തടസ്സമായതാണ് സൗമ്യ ഈ കൊലപാതകങ്ങൾ നടത്തിയതിനു കാരണമെന്ന് കാണിച്ച് പോലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.ഈ കേസിൽ ജയിലിൽ കഴിയവെയാണ് കണ്ണൂര്‍ വനിതാ ജയിലിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ സൗമ്യയെ കണ്ടത്. ആത്മഹത്യാ കുറിപ്പില്‍ കൊലക്കുറ്റം നിഷേധിച്ച സൗമ്യ അവനെ ശിക്ഷിക്കണമെന്ന് എഴുതുകയും ചെയ്തു. ഇതോടെയാണ് കൊലപാതകങ്ങളിൽ മറ്റൊരാള്‍ക്ക് പങ്കെന്ന സംശയം വര്‍ധിച്ചതും ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് സൗമ്യയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതും.കുറ്റപത്രം നല്‍കിയെങ്കിലും മൂന്ന് കൊലപാതകങ്ങളും സൗമ്യയുടെ ആത്മഹത്യയുടെ കാരണവും തുടക്കം മുതല്‍ അന്വേഷിക്കാനാണ് നിര്‍ദേശം. ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് അന്വേഷണത്തിന് നേതൃത്വം നല്‍കും.

Previous ArticleNext Article