കോഴിക്കോട്: കൂടത്തായിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ആറുപേരുടെ കല്ലറകള്‍ തുറന്ന് പരിശോധിക്കുന്ന നടപടി തുടങ്ങി.പള്ളിയിലെത്തിയ പോലീസും ഫോറൻസിക് വിദഗ്ദ്ധരും അടങ്ങിയ സംഘം സിലിയുടെയും പത്തു മാസം പ്രായമുള്ള കുഞ്ഞിന്‍റെയും മൃതദേഹങ്ങള്‍ അടക്കിയ കല്ലറകളാണു ആദ്യം തുറന്നത്.ആറു മരണങ്ങളില്‍ ഏറ്റവും അവസാനം നടന്ന മരണങ്ങളായതുകൊണ്ടാണ് ഇവരുടെ കല്ലറകള്‍ ആദ്യം തുറക്കുന്നതെന്ന് അന്വേഷണ സംഘം അറിയിച്ചു.മരിച്ചവരില്‍ നാലുപേരെ കൂടത്തായിയിലും രണ്ടുപേരെ കോടഞ്ചേരിയിലുമുള്ള സെമിത്തേരികളിലാണ് സംസ്കരിച്ചത്.കൂടത്തായിയില്‍ സംസ്കരിച്ചവരുടെ മൃതദേഹങ്ങളാണ് വെള്ളിയാഴ്ച പുറത്തെടുത്തത്.റൂറല്‍ എസ്പി കെ.ജി. സൈമണിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സെമിത്തേരിയില്‍ പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയശേഷമാണു കല്ലറകള്‍ തുറന്നത്. ദ്രവിക്കാത്ത പല്ല്, അസ്ഥി എന്നിവയാണ് പരിശോധിക്കുന്നത്. കോഴിക്കോട് ക്രൈംബ്രാഞ്ച് യൂണിറ്റ് ഡിവൈഎസ്പി ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.2002-ലും തുടര്‍ന്ന് ഏതാനും വര്‍ഷങ്ങളുടെ ഇടവേളകളിലുമുണ്ടായ ബന്ധുക്കളുടെ മരണങ്ങള്‍ ആസൂത്രിത കൊലപാതകമാണെന്ന പരാതിയെത്തുടര്‍ന്നാണു മൃതദേഹങ്ങള്‍ കോടതി അനുമതിയോടെ പുറത്തെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.മരിച്ച ടോം തോമസ്-അന്നമ്മ ദമ്പതികളുടെ മകന്‍ അമേരിക്കയില്‍ ജോലിയുള്ള റോജോയാണ് പോലീസില്‍ ആദ്യം പരാതി നല്‍കിയത്.
കേസുമായി ബന്ധപ്പെട്ട് മരിച്ചവരുമായി അടുത്ത ബന്ധമുള്ള യുവതിയെയാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്.യുവതിക്ക് സംഭവവുമായുള്ള ബന്ധം സ്ഥിരീകരിക്കുന്നതിന് സാഹചര്യതെളിവുകള്‍ക്കു പുറമേ ശാസ്ത്രീയ തെളിവുകള്‍കൂടി ശേഖരിക്കേണ്ടതുണ്ട്. ഇതിനു മുന്നോടിയായി യുവതിയുടെ ബ്രെയിന്‍മാപ്പിംഗ് പരിശോധിക്കാനുള്ള നടപടികള്‍ ക്രൈംബ്രാഞ്ച് സ്വീകരിക്കുന്നുണ്ട്. നുണപരിശോധനയ്ക്കായി അനുവാദം ആവശ്യപ്പെട്ടെങ്കിലും യുവതി നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് മറ്റു ശാസ്ത്രീയ പരിശോധനയ്ക്കുള്ള നടപടികള്‍ സ്വീകരിക്കുന്നത്.മരിച്ചവരുടെ സ്വത്തുകള്‍ തട്ടിയെടുക്കാന്‍ യുവതി വ്യാജ ഒസ്യത്തുണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യുവതിക്ക് ദുരൂഹമരണവുമായി ബന്ധമുണ്ടെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് ആദ്യമെത്തിയത്.പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവതി നിരന്തരം റോജോയുടെ എറണാകുളത്തുള്ള സഹോദരിയെ ബന്ധപ്പെട്ടിരുന്നതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.യുവതിയുടെ ബാങ്ക് അക്കൗണ്ടുകളും ഫോണ്‍വിളികളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.പല ബിസിനസുകാരുമായും ഇവർ ഫോണില്‍ ബന്ധപ്പെട്ടതിന്‍റെ വിശദാംശങ്ങളും ക്രൈംബ്രാഞ്ചിനു ലഭിച്ചതായും സൂചനയുണ്ട്.
വിദ്യാഭ്യാസവകുപ്പ് റിട്ട. ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന്‍ റോയ്, അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്‍റെ സഹോദരപുത്രനും അധ്യാപകനുമായ ഷാജുവിന്‍റെ ഭാര്യ സിലി, ഇവരുടെ പത്തുമാസം പ്രായമുള്ള കുഞ്ഞ് ആന്‍ഫൈന്‍ എന്നിവരാണു ദുരൂഹ സാഹചര്യത്തില്‍ പലപ്പോഴായി മരിച്ചത്. അന്നമ്മയാണ് ഇവരില്‍ ആദ്യം മരിച്ചത്. 2002 ഓഗസ്റ്റില്‍ വീട്ടില്‍ വച്ചായിരുന്നു, റിട്ട സ്‌കൂള്‍ ടീച്ചര്‍ ആയ അന്നമ്മയുടെ മരണം. ആട്ടിന്‍ സൂപ്പ് കഴിച്ചതിനു പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഹാര്‍ട്ട് അറ്റാക് ആണെന്ന നിഗമനത്തില്‍ ഇതില്‍ അന്വേഷണമൊന്നും നടന്നില്ല. ടോം തോമസ് 2008 ഓഗസ്റ്റിലാണ് മരിച്ചത്, റോയ് തോമസ് 2011 സെപ്റ്റംബറിലും. ഇതിനു പിന്നാലെ മാത്യുവും മരിച്ചു. സിലിയും കുഞ്ഞും 2014ല്‍ ആണ് മരിച്ചത്. എല്ലാവരുടെയും മരണം കുഴഞ്ഞുവീണായിരുന്നു. ഹൃദയ സ്തംഭനം എന്ന നിഗമനത്തിതല്‍ അന്വേഷണമോ മറ്റു പരിശോധനകളോ നടന്നിരുന്നില്ല.റോയിയുടെ മൃതദേഹം മാത്രമാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. ഇതില്‍ സയനൈഡിന്റെ അംശം കണ്ടെത്തിയെന്നു സൂചനകളുണ്ട്. എന്നാല്‍ കൂടുതല്‍ അന്വേഷണം നടന്നില്ലെന്നാണ് അറിയുന്നത്.ഇവരുടെ സ്വത്തുകള്‍ സംബന്ധിച്ച് ഏതാനും ബന്ധുക്കളുമായി തര്‍ക്കമുണ്ടായിരുന്നു. സ്വത്തു തട്ടിയെടുക്കാന്‍ നടന്ന കൊലപാതകങ്ങളാണോയെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.