തിരുവനന്തപുരം:യുഎന്‍എ സാമ്പത്തിക തട്ടിപ്പ് കേസില്‍ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായും സംസ്ഥാന പ്രസിഡന്‍റ് ഷോബി ജോസഫും അടക്കം നാല് പ്രതികള്‍ക്കെതിരെ ക്രൈം ബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.ജീവനക്കാരായ നിധിന്‍ മോഹന്‍, ജിത്തു എന്നിവരുടെ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. പ്രതികള്‍ പേര് മാറ്റി പല ഇടങ്ങളില്‍ ഒളിവില്‍ താമസിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ലുക്കൗട്ട് നോട്ടീസില്‍ പറയുന്നത്.പ്രതികളെക്കുറിച്ച് വിവരം കിട്ടുന്നവര്‍ ഉടനടി പൊലീസില്‍ വിവരമറിയിക്കണമെന്ന് വിവിധ പത്രങ്ങളിലായി പ്രസിദ്ധീകരിച്ച ലുക്കൗട്ട് നോട്ടീസില്‍ പറയുന്നു. നേരത്തേ ജാസ്മിന്‍ ഷാ ഒളിവിലാണെന്നായിരുന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. മൊഴിയെടുക്കാനായി ഹാജരാവണമെന്ന് ജാസ്മിന്‍ ഷായോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വന്നില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.യുഎന്‍എ അഴിമതിക്കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിശ്ചിതസമയത്തിനുള്ളില്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജാസ്മിന്‍ ഷാ, ഷോബി ജോസഫ്, പി ഡി ജിത്തു എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പുതിയ അന്വേഷണ സംഘത്തിന് രൂപം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.സംഘടനയുടെ അക്കൗണ്ടില്‍ നിന്നും മൂന്ന് കോടിയിലേറെ രൂപ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ അറിവോടെ തിരിമറി നടത്തിയെന്നായിരുന്നു പരാതി. ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് യു.എന്‍.എ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് ഡിജിപിക്ക് പരാതി നല്‍കിയത്. മാസവരിസഖ്യ പിരിച്ച പണം മൂന്ന് അക്കൗണ്ടുകളിലായിട്ടാണ് നിക്ഷേപിച്ചിരുന്നത്. മൂന്ന് കോടിയിലധികം രൂപ അക്കൗണ്ടുകളില്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരു കോടി ചിലവഴിച്ചതിന് വ്യക്തമായ കണക്കുണ്ട്. എന്നാല്‍ ബാക്കി തുക അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചെങ്കിലും അതിന് വ്യക്തമായ കണക്കില്ലെന്നാണ് പരാതിയില്‍ പറയുന്നത്.