കൊച്ചി:അനധികൃത നിർമാണം കണ്ടെത്തിയതിനെ തുടർന്ന് സുപ്രീം കോടതി പൊളിച്ചു മാറ്റാൻ ഉത്തരവിട്ട മരടിലെ ഫ്ലാറ്റ് നിര്‍മാതാക്കളുടെ സ്വത്ത് ക്രൈംബ്രാഞ്ച് കണ്ടുകെട്ടും. നാല് നിര്‍മാതാക്കളുടെയും എല്ലാ സ്വത്തുക്കളുമാണ് കണ്ടുകെട്ടുക. ഹോളി ഫെയ്‍ത്ത് ബില്‍ഡേഴ്‍സിന്‍റെ 18 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടും ക്രൈംബ്രാഞ്ച് മരവിപ്പിച്ചു.ഹോളി ഫെയ്‍ത്ത്, ഗോള്‍ഡന്‍ കായലോരം, ജെയിന്‍ ബില്‍ഡേഴ്‍സ്, ആല്‍ഫാ വെഞ്ചേഴ്‍സ് എന്നീ ഫ്ലാറ്റ് സമുച്ചയങ്ങളുടെ ഉടമകളുടെ സ്വത്തുവകകളാണ് കണ്ടു കെട്ടുന്നത്. ഭൂമിയും, ആസ്തിവകകളും കണ്ടുകെട്ടാന്‍ റവന്യൂ, റജിസ്ട്രേഷന്‍ വകുപ്പുകള്‍ക്ക് ക്രൈംബ്രാഞ്ച് കത്ത് നല്‍കിയിട്ടുണ്ട്.നാല് ഫ്ലാറ്റ് ഉടമകളുടെയും സ്വത്ത്, ആസ്തി വകകളുടെ കണക്കെടുപ്പ് നടത്തി, എല്ലാ വിവരങ്ങളും റവന്യൂ, റജിസ്ട്രേഷന്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് ശേഖരിക്കുന്നുണ്ട്. മരടിലെ ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നിര്‍മാതാക്കളില്‍ നിന്ന് തന്നെ ഈടാക്കി നല്‍കാമെന്ന സുപ്രീംകോടതി വിധിയിലെ പരാമര്‍ശത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ നടപടി തുടങ്ങിയിരിക്കുന്നത്.ജില്ലാ കളക്ടര്‍ എസ് സുഹാസ്, പൊളിക്കലിന്‍റെ ചുമതലയുള്ള സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍, ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ ജെ തച്ചങ്കരി എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ കൊച്ചിയില്‍ ചേർന്ന ക്രൈംബ്രാഞ്ചിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും സംയുക്ത യോഗത്തിലാണ് സ്വത്ത് കണ്ടുകെട്ടാന്‍ തീരുമാനമായത്.