തിരുവനന്തപുരം:നെയ്യാറ്റിൻകര സനൽ കൊലപാതക കേസിൽ ഡിവൈഎസ്പിക്ക് കുരുക്ക് മുറുക്കി ക്രൈം ബ്രാഞ്ച്.സനലിനെ വാഹനത്തിന് മുന്നിലേക്ക് ഡിവൈ.എസ്.പി മനപ്പൂര്‍വം തള്ളിയിടുകയായിരുന്നു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് വാഹനം വരുന്നത് കണ്ട് സനലിനെ തള്ളിയിട്ടതെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.ഇക്കാര്യം തെളിയിക്കുന്ന സാഹചര്യ തെളിവുകളും സാക്ഷിമൊഴികളുമുണ്ട്. കൊലക്കുറ്റം നിലനില്‍ക്കുന്നതിനാല്‍ ഹരികുമാറിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും ആവശ്യപ്പെട്ട് കൊണ്ടുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ഹരികുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കുന്നത്.പൊലീസിനെ കബളിപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, സംഘംചേരല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകളും ഹരികുമാറിനെതിരെ ചുമത്തിയിരിക്കുകയാണ്.സംസ്ഥാനം വിട്ട് ഒളിവില്‍ കഴിയുന്ന ഹരികുമാര്‍ കഴിഞ്ഞദിവസം കേരളത്തില്‍ എത്തിയതായും സൂചനകളുണ്ട്. അതേസമയം പ്രതിയെ പോലീസ് പിടികൂടാന്‍ അലംഭാവം കാണിക്കുന്നു എന്നാരോപിച്ച് സനലിന്റെ ഭാര്യ ചൊവ്വാഴ്ച രാവിലെ എട്ട് മണി മുതല്‍ നിരാഹാരസമരം ആരംഭിച്ചിരിക്കുകയാണ്.