പാലക്കാട്:ജില്ലയിൽ കൊറോണ സ്ഥിരീകരിച്ച പ്രവാസിയുടെ റൂട്ട്മാപ്പ് തയ്യാറാക്കുക ദുഷ്ക്കരമെന്ന് ജില്ലാ ഭരണകൂടം.13 ആം തീയതി ദുബായിയില്‍ നിന്ന് തിരിച്ചെത്തി എട്ട് ദിവസത്തിന് ശേഷമാണ് ഇയാള്‍ നിരീക്ഷണത്തില്‍ പോയത്.മറ്റു ദിവസങ്ങളിലെല്ലാം നാട്ടിലുടനീളം കറങ്ങി നടക്കുകയും ചെയ്തു.ഒരുതണ മലപ്പുറത്തേക്കും യാത്രചെയ്തു. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരുടേതടക്കം ഇയാളുമായി ബന്ധപ്പെട്ട വരുടെ വിശദമായ റൂട്ട് മാപ്പെടുത്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നത്. രോഗം സ്ഥിരീകരിച്ച ആളുടെ മകന്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ ആണ്. ഇയാള്‍ ദീര്‍ഘ ദൂര ബസുകളില്‍ രണ്ട് ദിവസം ഡ്യൂട്ടിയെടുത്തിട്ടുണ്ട്.17 ആം തീയതി മണ്ണാര്‍ക്കാട് നിന്ന് അട്ടപ്പാടി വഴി കോയമ്പത്തൂരിലേക്കുള്ള ബസ്സില്‍ മകന്‍ ജോലി ചെയ്തു.18 ന് പാലക്കാട് തിരുവനന്തപുരം ബസിലും ജോലി നോക്കി. ഈ ബസില്‍ യാത്ര ചെയ്തവര്‍ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടണമെന്നാണ് നിലവില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.യാത്രയ്ക്കിടെ രണ്ടിടത്തുവച്ച് ഇയാള്‍ ഭക്ഷണം കഴിച്ചു. കായംകുളം കെ.എസ്.ആര്‍.ടി.സി കാന്റീന്‍, തിരുവനന്തപുരം വികാസ് ഭവന് സമീപത്തെ കഞ്ഞിക്കട എന്നിവിടങ്ങളില്‍ വച്ചാണ് ജോലിക്കിടെ ഇയാള്‍ ഭക്ഷണം കഴിച്ചത്. കെ.എസ്.ആര്‍.ടി.സിയാണ് കണ്ടക്ടറുടെ വിവരങ്ങള്‍ തയാറാക്കിയത്.ജില്ലയില്‍ 3 പേര്‍ക്കു കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതോടെ പാലക്കാട് ഇന്നു മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും.സംസ്ഥാന അതിര്‍ത്തി കൂടിയായതിനാല്‍ ജില്ലയിലെ ആരോഗ്യമേഖലയില്‍ അതീവ ജാഗ്രതയ്ക്കാണു നിര്‍ദേശം.അതേസമയം ഹോം ക്വാറന്റൈന്‍ നിയമം ലംഘിച്ചതിന് പ്രവാസിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.