കൊട്ടിയൂർ:നെല്ലിയോട് മേഖലയിൽ ഭൂമിയിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ഇരുപത്തഞ്ചോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.സ്ഥലം വാസയോഗ്യമല്ലെന്നും ഇടിയാൻ സാധ്യതയുള്ളതിനാൽ വീടുകളിലെ സാമഗ്രികൾ എടുത്തുമാറ്റാനും സ്ഥലം സന്ദർശിച്ച ജിയോളജി വകുപ്പ് അധികൃതർ നിർദേശം നൽകി.ശനിയാഴ്ച മുതലാണ് ഈ പ്രദേശത്ത് ഭൂമി ഇടിഞ്ഞു താഴാൻ ആരംഭിച്ചത്.ഇതേ തുടർന്ന് പരിഭ്രാന്തിയിലാണ് പ്രദേശവാസികൾ.ഭൂമി ഇടിഞ്ഞു തെന്നിമാറുന്നതിനെ തുടർന്ന് ഇവിടുത്തെ വീടുകളും കൃഷികളും നശിച്ചു. അപൂർവമായ ഈ ഭൗമ പ്രതിഭാസത്തെ കുറിച്ച് വിദഗ്ദ്ധ പഠനം ആവശ്യമാണെന്ന് ജിയോളജി വകുപ്പ് അധികൃതർ പറഞ്ഞു.അതിശക്തമായ മഴയും പ്രദേശത്തെ ഭൂമിയുടെ ചെരിവും മണ്ണിന്റെ ഘടനയുമാണ് വില്ലൻ വീഴാൻ കാരണമെന്ന് ജിയോളജിസ്റ്റ് കെ.ആർ ജഗദീശൻ അറിയിച്ചു.പ്രദേശത്തെ മണ്ണിനു പിടിച്ചു നിർത്താൻ സാധിക്കുന്നതിലും കൂടുതൽ മഴവെള്ളം ഇറങ്ങിയതാണ് വിള്ളലിന് മറ്റൊരു കാരണം.ഇതേകുറിച്ച് സെന്റർ ഫോർ എര്ത് സയന്‍സിന്റെ വിശദമായ പഠനത്തിനായി ശുപാർശ നൽകാനായി ജില്ലാ കല്കട്ടർക്ക് റിപ്പോർട്ട് നൽകും.300 മുതൽ 400 മീറ്റർ വരെ നീളത്തിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്.വിള്ളൽ വീണ വീടുകളിലൊന്നും ഇനി താമസിക്കാനാകില്ലെന്നും അവർ ഇവിടെ നിന്നും മാറേണ്ടി വരുമെന്നും ജിയോളജിസ്റ്റ് അറിയിച്ചു.