തിരുവനന്തപുരം:കേന്ദ്ര സർക്കാർ ഇന്ധനവില കുറച്ചെങ്കിലും കേരളത്തിൽ ഇന്ധന നികുതി കുറയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സെക്രട്ടറിയേറ്റ്.സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്‌ക്കേണ്ടതില്ലെന്ന സാഹചര്യം വിശദീകരിക്കാന്‍ ധനമന്ത്രി കെ.എൻ.ബാലഗോപാലിനെ പാർട്ടി നേതൃത്വം ചുമതലപ്പെടുത്തി. ഇന്ധനവില വര്‍ധനവിന് കാരണം കേന്ദ്ര സര്‍ക്കാരാണെന്ന് ജനങ്ങളെ ധരിപ്പിക്കാനാണ് പാര്‍ട്ടിയുടെ നീക്കം. കേന്ദ്രസർക്കാർ വര്‍ധിപ്പിച്ച അധിക നികുതി പിന്‍വലിക്കണമെന്നും സിപിഎം നേതൃത്വം ആവശ്യപ്പെട്ടു.കേരളം ഇന്ധനനികുതി കുറക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് രാവിലെ പറഞ്ഞിരുന്നു. നികുതി കുറയ്ക്കാന്‍ കേരളത്തിന് പരിമിതിയുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ വർഷം മാത്രം കേരളത്തിനുള്ള വിഹിതമായ 6400 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. 30 രൂപയിലധികമാണ് കേന്ദ്രം ഇന്ധനവില വർധിപ്പിച്ചത്. കേന്ദ്രത്തിന്‍റേത് പോക്കറ്റടിക്കാരന്‍റെ രീതിയാണെന്നും മന്ത്രി പറഞ്ഞു.പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസൽ ലിറ്ററിന് 10 രൂപയുമാണ് കേന്ദ്രസർക്കാർ കുറച്ചത്. എക്സൈസ് തീരുവ കുറച്ചതിനെ തുടർന്നാണ് ഇന്ധനവില കുറഞ്ഞത്. ഇതിനു പിന്നാലെ ഗോവ, അസം, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് , കർണാടക എന്നീ സംസ്ഥാനങ്ങളും ഇന്ധനവില കുറയ്‌ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ വില്‍പന നികുതി കുറയ്‌ക്കാനാവില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്.