നടുവിൽ:നടുവിലിൽ സിപിഎം-മുസ്ലിം ലീഗ് സംഘർഷം തുടരുന്നു.ഇന്നലെ രാവിലെ 8.30 ഓടെ നടുവിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തുവെച്ച് പത്രവിതരണം കഴിഞ്ഞ് മടങ്ങുകയായിരുന്ന ദേശാഭിമാനി ഏജന്റ് മണ്ടേൻകണ്ടി ഹാരിസിനെ ഒരുസംഘം ലീഗ് പ്രവർത്തകർ മർദിച്ചതായാണ് പരാതി.ഇയാളെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും അക്രമികളെ തകർത്തു.ഈ സംഭവത്തെ തുടർന്ന് മുസ്ലിം ലീഗ് പ്രവർത്തകർ സഞ്ചരിക്കുകയായിരുന്ന ഓട്ടോറിക്ഷ തടഞ്ഞു നിർത്തി ഇവരെ വലിച്ചിറക്കി മർദിച്ചു.ഇതിനു പിന്നിൽ സിപിഎം ആണെന്ന് മുസ്ലിം ലീഗ് പ്രവർത്തകർ ആരോപിച്ചു.കെ.മുഹമ്മദ് കുഞ്ഞി,സി.പി അബൂബക്കർ,കെ.സൈനുദ്ധീൻ എന്നിവർക്കാണ് മർദനമേറ്റത്.ഇതിൽ സൈനുദ്ധീൻ ഞായറാഴ്ച ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് എത്തിയതായിരുന്നു.സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇവരെ മൂന്നുപേരെയും അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം നടന്ന ബോംബാക്രമണ കേസിലെ പ്രതികളാണ് ഇവരെന്നാണ് പോലീസ് പറയുന്നത്.അനിഷ്ട്ട സംഭവങ്ങളെ തുടർന്ന് ഇന്നലെയും നടുവിൽ ടൗണിൽ കടകൾ അടഞ്ഞു കിടക്കുകയാണ്.ഞായറാഴ്ച ഹർത്താലായതിനാൽ അന്നും കടകൾ അടച്ചിട്ടിരുന്നു. .അതേസമയം സമാധാനം നിലനിർത്തുന്നതിനായി തളിപ്പറമ്പ് ഡിവൈഎസ്പി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ നിന്നും യുഡിഎഫും എൽഡിഎഫും വിട്ടുനിന്നു.