തൃശൂർ:സിപിഎം നേതാവും മുന്‍ വിദ്യാര്‍ഥി നേതാവുമായ സൈമണ്‍ ബ്രിട്ടോ (64) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെതുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് അന്തരിച്ചത്.എസ്ഫ്‌ഐയിലെ ശക്തമായ സാന്നിധ്യമായിരിക്കുന്ന സമയത്താണ് അദ്ദേഹം ആക്രമണത്തിനിരയാകുന്നത്. അരയ്ക്ക് താഴെ തളര്‍ന്നിട്ടും രാഷ്ട്രീയ പ്രവര്‍ത്തനം തുടരുകയായിരുന്നു. 1983ലാണ് അദ്ദേഹം എസ്‌എഫ്‌ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റാവുന്നത്. രാഷ്ടീയത്തിന് പുറമേ സാഹിത്യത്തിലും ബ്രിട്ടോ തിളങ്ങിയിരുന്നു.എറണാകുളത്തിനടുത്ത് പോഞ്ഞിക്കരയില്‍ നിക്കോളാസ് റോഡ്രിഗ്സിന്റെയും ഇറിന്‍ റോഡ്രിഗ്സിന്റെയും മകനായി 1954 മാര്‍ച്ച് 27നായിരുന്നു സൈമണ്‍ ബ്രിട്ടോയുടെ ജനനം. പച്ചാളം സെന്റ് ജോസഫ് എച്ച്.എസ്, എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ്, ബീഹാറിലെ മിഥില യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം ലോ അക്കാദമി, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.എല്‍.എല്‍.ബി. പഠനം പൂര്‍ത്തിയാക്കിയിട്ടില്ല. എസ്.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രതിനിധി, കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.