Kerala, News

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

keralanews cpm leader kodiyeri balakrishnan passed away

തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും മുൻ ആഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ(69) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 29ായിരുന്നു അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഓഗസ്റ്റ് 29 ന് പ്രത്യേക എയർ ആംബുലൻസിലാണ് കോടിയേരി ബാലകൃഷ്ണനെ തുടർ ചികിത്സകൾക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കീമോത്തെറാപ്പി ചെയ്ത ക്ഷീണവും രോഗത്തിന്‍റെ അവശതയും കണക്കിലെടുത്താണ് ചികിത്സ ചെന്നൈയിലേക്ക് മാറ്റിയത്. നേരത്തെ അമേരിക്കയിൽ ചികിത്സിച്ച ഡോക്ടർമാരുടെ നിർദേശം അനുസരിച്ചായിരുന്നു അപ്പോളോയിൽ കോടിയേരിയെ ചികിത്സിച്ചുവന്നത്.കണ്ണൂർ തലശേരി കല്ലറ തലായി എൽ.പി. സ്കൂൾ അദ്ധ്യാപകൻ കോടിയേരി മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകനായി 1953 നവംബർ 16നാണ് ബാലകൃഷ്ണൻ ജനിച്ചത്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് അദ്ദേഹം പൊതുപ്രവർത്തന രംഗത്തെത്തിയത്.ജൂനിയർ ബേസിക് സ്കൂൾ, കോടിയേരി ഓണിയൻ ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നുമാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് കോളേജിൽ നിന്നും പ്രീഡിഗ്രിയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിരുദപഠനവും പൂർത്തിയാക്കി.

1970ൽ ഈങ്ങയിൽപ്പീടിക ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തതോടെയാണ് സിപിഎമ്മിന്‍റെ പ്രദേശത്തെ അറിയപ്പെടുന്ന നേതാവായി കോടിയേരി മാറുന്നത്. 1980 മുതൽ 1982 വരെ യുവജനപ്രസ്ഥാനമായ ഡി.വൈ.എഫ്.ഐയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റായി. 1988ൽ ആലപ്പുഴയിൽ വെച്ചു നടന്ന സംസ്ഥാനസമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്. 1990 മുതൽ 1995 വരെയുള്ള അഞ്ച് വർഷക്കാലം സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. 1995ൽ കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാനസമ്മേളനത്തിൽ സിപിഎം സംസ്ഥാനസെക്രട്ടേറിയേറ്റിലേക്ക് തെരെഞ്ഞെടുത്തു. 2002ൽ ഹൈദരാബാദിൽ വെച്ചു നടന്ന സിപിഎം പാർടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിലേക്കും 2008ൽ കോയമ്പത്തൂരിൽ വെച്ചു നടന്ന പാർടി കോൺഗ്രസിൽ പൊളിറ്റ് ബ്യൂറോയിലേക്കും കോടിയേരി തെരഞ്ഞെടുക്കപ്പെട്ടു.2015ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാനസമ്മേളനത്തിൽ പിണറായി വിജയന്‍റെ പിൻഗമായിയായി കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറിയായി. 2018ൽ കണ്ണൂരിൽ വെച്ചു നടന്ന സംസ്ഥാനസമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണനെ സംസ്ഥാനസെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുത്തു. 2022ൽ എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ മൂന്നാമൂഴം ലഭിച്ച് അഞ്ച് മാസം പിന്നിടുമ്പോഴാണ് കോടിയേരി അനാരോഗ്യം മൂലം പാർട്ടി സെക്രട്ടറിപദം ഒഴിഞ്ഞത്.സിപിഎം നേതാവും തലശേരി മുൻ എംഎൽഎയുമായ എം. വി. രാജഗോപാലിന്റെ മകളും തിരുവനന്തപുരം ഓഡിയോ റിപ്രോഗ്രാഫിക്‌ സെന്റർ ജീവനക്കാരിയുമായ എസ്. ആർ. വിനോദിനിയാണ് ഭാര്യ. മക്കൾ ബിനോയ്, ബിനീഷ്. മരുമക്കൾ ഡോ. അഖില, റിനീറ്റ. പേരക്കുട്ടികൾ ആര്യൻ ബിനോയ്, ആരുഷ് ബിനോയ്, ഭദ്ര ബിനീഷ്.

Previous ArticleNext Article