കോഴിക്കോട്:കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയ്ക്കും മാവോവാദി ബന്ധമുണ്ടെന്ന് സിപിഎം.ഇവർക്ക് മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് സ്ഥിരീകരിച്ചതിനെ ഇരുവരെയും സിപിഎം പാര്‍ട്ടിയിൽ നിന്നും പുറത്താക്കി.ഇരുവരും നിരപരാധികള്‍ അല്ലെന്ന് പാര്‍ട്ടി കണ്ടെത്തി. കോഴിക്കോട്ടെ ലോക്കല്‍ കമ്മിറ്റികളില്‍ പാര്‍ട്ടി ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തു. വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയ വ്യതിയാനം മനസിലാക്കാന്‍ കഴിയാതെ പോയത് സ്വയം വിമര്‍ശനമായി കരുതണമെന്നും സിപിഎം റിപ്പോര്‍ട്ടില്‍ പറയുന്നു.വിദ്യാര്‍ത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത് സംസ്ഥാനത്താകെ ചര്‍ച്ചാവിഷയമായിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലയില്‍ അടിയന്തരമായി ലോക്കല്‍കമ്മിറ്റി യോഗങ്ങള്‍ വിളിച്ചുചേര്‍ത്തത്. തിങ്കളാഴ്ചയാണ് അലന്‍ ഷുഹൈബ് അംഗമായ മീഞ്ചന്ത ബ്രാഞ്ച് ഉള്‍പ്പെടുന്ന പന്നിയങ്കര ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നത്. ഈ യോഗത്തില്‍ അറസ്റ്റിലായ രണ്ടുപേര്‍ക്കും മാവോവാദി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടാണ് സിപിഎം നല്‍കിയിരിക്കുന്നത്.അറസ്റ്റിലായ രണ്ടുപേരേയും തെറ്റുതിരുത്തി പാര്‍ട്ടിക്കൊപ്പം നിര്‍ത്താന്‍ തിരിച്ചുവരാനുള്ള അവസരം പാര്‍ട്ടി നല്‍കണമെന്ന അഭിപ്രായവും ലോക്കല്‍ കമ്മിറ്റി യോഗത്തിലുണ്ടായി. എന്നാല്‍, പിന്നാലെ പുറത്താക്കല്‍ നടപടികളിലേക്ക് കടക്കുകയായിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയിലെ പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ നിയമ വിദ്യാര്‍ത്ഥിയായ അലന്‍ സിപിഎം തിരുവണ്ണൂര്‍ ബ്രാഞ്ച് അംഗമാണ്. ജേണലിസം വിദ്യാര്‍ത്ഥിയായ താഹ ഫസല്‍ പാറമ്മല്‍ ബ്രാഞ്ച് അംഗവുമാണ്.ഇരുവരും എസ്‌എഫ്‌ഐയിലും സജീവമായിരുന്നു.അതിനിടെ അലന്റെയും താഹയുടെയും ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും. ജാമ്യത്തെ ശക്തമായി എതിര്‍ക്കാന്‍ തന്നെയാണ് പ്രാസിക്യൂഷന്റെ തീരുമാനം. ഇരുവര്‍ക്കുമെതിരെ ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയേക്കും.