കണ്ണൂർ:പയ്യന്നൂർ കോറോം നെല്യാട്ടും ആലക്കാട്ടുമുണ്ടായ സിപിഎം-ബിജെപി സംഘർഷത്തിൽ സ്ത്രീകളുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു.ഞായറാഴ്ച രാത്രി ഒന്പതരയോടെയാണ് ആക്രമണങ്ങൾക്ക് തുടക്കം.കോറോം നെല്യാട്ട് ഗവ.ഹൈസ്കൂളിന് സമീപം താമസിക്കുന്ന സിപിഎം ബ്രാഞ്ച് സെക്രെട്ടറി ചെയ്യലാട്ട് കരിപ്പത്ത് സനല്കുമാറിനും ഡിവൈഎഫ്ഐ നെല്യാട്ട് യൂണിറ്റ് വൈസ് പ്രെസിഡെന്റ് കുന്നുമ്മൽ രമേശിനും നേരെയാണ് ആക്രമണമുണ്ടായത്. ഇരുമ്പുവടികൊണ്ടുള്ള അടിയിൽ സനല്കുമാറിന്റെ ഇടതുകൈ ഒടിഞ്ഞു.പരിക്കേറ്റ ഇരുവരെയും പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാരകായുധങ്ങളുമായി വീട്ടിലെത്തിയ ആർഎസ്എസ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് ഇവർ പറഞ്ഞു.തുടർന്ന് രാത്രി പത്തരയോടെ നെല്യാട്ട് കോളനിയിലെ ബിജെപി പ്രവർത്തകൻ ജിഷാദിന്റെ വീടിനു നേരെ ആക്രമണമുണ്ടായി.അക്രമികൾ ജിഷാദിന്റെ വീട് അടിച്ചു തകർത്തു.അക്രമത്തിൽ പരിക്കേറ്റ ജിഷാദിന്റെ സഹോദരി ലീഷ്മ,ലീഷ്മയുടെ മകൾ പത്താംക്ലാസ് വിദ്യാർത്ഥിയായ അശ്വതി എന്നിവരെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴക്കും അക്രമിസംഘം രക്ഷപ്പെട്ടു.വീട്ടിലെ ഫർണിച്ചറുകളും മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കും അക്രമികൾ നശിപ്പിച്ചു.പുലർച്ചെ രണ്ടുമണിയോടെ ബിജെപി പയ്യന്നൂർ മണ്ഡലം സെക്രെട്ടറി ഗംഗാധരൻ കാളീശ്വരം,ആർഎസ്എസ് പ്രവർത്തകൻ ആലക്കാട് ബിജു എന്നിവരുടെ വീടിനു നേരെ ബോബേറുണ്ടായി.സ്ഥലത്ത് ബോംബ് സ്ക്വാർഡും ഫോറൻസിക് സംഘവും പരിശോധന നടത്തി.അക്രമവുമായി ബന്ധപ്പെട്ട് പെരിങ്ങോം പോലീസ് ഇരുപാർട്ടിയിലും പെട്ട ഏഴുപേരെ അറസ്റ്റ് ചെയ്തു.അക്രമം വ്യാപിക്കാതിരിക്കാൻ പോലീസ് സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്.