Kerala, News

സിപിഎം-ബിജെപി സംഘർഷം;പയ്യന്നൂരിൽ ബിജെപി ഓഫീസിനു നേരെ ബോംബേറ്

keralanews cpm bjp conflict bomb attack against bjp office in payyannur

പയ്യന്നൂർ:പയ്യന്നൂരിൽ സിപിഎം-ബിജെപി സംഘർഷം.ബിജെപി ഓഫീസായ കൊക്കാനിശ്ശേരിയിലെ മാരാർജി മന്ദിരത്തിനു നേരെ ഇന്നലെ രാവിലെ പതിനൊന്നു മണിയോടുകൂടി ബോംബേറുണ്ടായി.ബോംബ് ചുമരിൽ തട്ടി പൊട്ടിത്തെറിച്ചു. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞതെന്ന് ബിജെപി പ്രവർത്തകർ പറഞ്ഞു. പിന്നിൽ സിപിഎം പ്രവർത്തകരാണെന്നും ബിജെപി ആരോപിച്ചു.ഇന്നലെ രാവിലെ ഒന്പതരയോടുകൂടി പയ്യന്നൂർ പുതിയ ബസ്സ്റ്റാൻഡിന് സമീപത്തു  വെച്ച് സിപിഎം പ്രവർത്തകൻ ഷിനുവിനെ നേരെ ആക്രമണം നടന്നിരുന്നു.ബൈക്കിൽ വരികയായിരുന്ന ഷിനുവിനെ കാറിലെത്തിയ സംഘം ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. നേരത്തെ ബിജെപി പ്രവർത്തകനായിരുന്ന ഷിനു അടുത്തകാലത്താണ് സിപിഎമ്മിലേക്ക് ചേർന്നത്. ഷിനുവിനെ ആക്രമിക്കാൻ ശ്രമിച്ചതിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.പിന്നീട് പത്തര മണിയോട് കൂടി ബിജെപി പ്രവർത്തകൻ രജിത്തിനെ പയ്യന്നൂർ പഴയ സ്റ്റാൻഡിനു സമീപത്തു വെച്ച ഒരു സംഘം തടഞ്ഞു നിർത്തി മർദിച്ചു.പരിക്കേറ്റ രജിത്തിനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. ഇതിനു ശേഷം 11.15 ഓടെയാണ് ബിജെപി ഓഫീസായ മാരാർജി മന്ദിരത്തിനു നേരേ ബോംബേറുണ്ടായത്. ബൈക്കിലെത്തിയ സിപിഎം പ്രവർത്തകർ സ്റ്റീൽ ബോംബെറിയുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു.ബിജെപി ജില്ലാ പ്രസിഡന്‍റ് പി. സത്യപ്രകാശ്, വൈസ് പ്രസിഡന്‍റ് പി. ബാലകൃഷ്ണൻ, മേഖലാ വൈസ് പ്രസിഡന്‍റ് എ.പി. ഗംഗാധരൻ, മണ്ഡലം പ്രസിഡന്‍റ് ടി. രാമകൃഷ്ണൻ, ആർഎസ്എസ് ജില്ലാ കാര്യവാഹക് പി. രാജേഷ് കുമാർ എന്നിവർ സന്ദർശിച്ചു.മൂന്നു സംഭവങ്ങളിലും കേസെടുത്ത പോലീസ് അന്വേഷണമാരംഭിച്ചു. അക്രമമുണ്ടായ സ്ഥലങ്ങളിലെ നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്.

Previous ArticleNext Article