ഇരിട്ടി:സിപിഐ ജില്ലാ സമ്മേളനത്തിന് ഇരിട്ടിയിൽ തുടക്കമായി.നാലുദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിന് സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി.പി മുരളി പതാകയുയർത്തി.തലശ്ശേരി ജവഹർഘട്ടിൽ നിന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രെട്ടറി രജീഷിന്റെ നേതൃത്വത്തിലുള്ള പതാകജാഥയും പായം രക്തസാക്ഷിമണ്ഡപത്തിൽ നിന്നും ബികെഎംയു ജില്ലാ സെക്രെട്ടറി കെ.വി ബാബുവിന്റെ നേതൃത്വത്തിലുള്ള കൊടിമരജാഥയും മുഴക്കുന്ന് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും മഹിളാ സംഘം ജില്ലാ സെക്രെട്ടറി സ്വപ്‍നയുടെ നേതൃത്വത്തിലുള്ള ബാനർ ജാഥയും പയഞ്ചേരി മുക്കിൽ സംഗമിച്ചു.തുടർന്ന് ജനസേവ വോളന്റിയർമാരുടെയും ഇരുചക്ര വാഹനങ്ങളുടെയും നിരവധി പ്രവർത്തകരുടെയും അകമ്പടിയോടെ സമ്മേളന നഗരിയായ പള്ളിപ്രം ബാലൻ നഗറിൽ എത്തിച്ചേർന്നു. സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം നാലുമണിക്ക് പയഞ്ചേരിമുക്കിൽ നിന്നും വോളന്റിയർ മാർച്ചും ബഹുജന റാലിയും നടക്കും.തുടർന്ന് നടക്കുന്ന പൊതു സമ്മേളനം സിപിഐ ദേശീയ എക്സിക്യൂട്ടീവംഗം ബിനോയ് വിശ്വം ഉൽഘാടനം ചെയ്യും.ജില്ലാ സെക്രെട്ടറി പി.സന്തോഷ് കുമാർ അധ്യക്ഷത വഹിക്കും.റെവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ,സി.എൻ ചന്ദ്രൻ, സത്യൻ മൊകേരി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.10,11 തീയതികളിൽ ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് പ്രതിനിധി സമ്മേളനം നടക്കും.പത്തിന് രാവിലെ പത്തുമണിക്ക് സംസ്ഥാന സെക്രെട്ടറി കാനം രാജേന്ദ്രൻ പ്രതിനിധി സമ്മേളനം ഉൽഘാടനം ചെയ്യും.മന്ത്രിമാരായ കെ.രാജു,പി.തിലോത്തമൻ,നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, ടി.പുരുഷോത്തമൻ,ജെ.ചിഞ്ചുറാണി എന്നിവർ പങ്കെടുക്കും.വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം സിനിമ സംവിധായകൻ വിനയൻ ഉൽഘാടനം ചെയ്യും.