India, News

കോവിഡ് 19;ഇന്ത്യയിൽ സമൂഹവ്യാപനം ഉണ്ടായതായി സൂചന;രാജ്യം അതീവ ജാഗ്രതയിൽ

keralanews covid19 indication of social spreading in india and high alert

ന്യൂഡൽഹി:ഇന്ത്യയിൽ കൊറോണ സമൂഹവ്യാപനം ഉണ്ടായതായി സൂചന.രാജ്യത്ത് കൊറോണ സാമൂഹിക വ്യാപനം ഉണ്ടായെന്ന് വെളിവാക്കുന്ന പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ച്‌ വ്യക്തമാക്കി.5911 സാമ്പിളുകളാണ് ഫെബ്രുവരി 15നും ഏപ്രില്‍ രണ്ടിനുമിടയില്‍ ഐസിഎംആര്‍ ടെസ്റ്റ് ചെയ്തത്. ഇതില്‍ 104 എണ്ണം പോസിറ്റീവ് ആയിരുന്നു. 20 സംസ്ഥാനങ്ങളിലെ 52 ജില്ലകളിലായാണ് ഈ 104 പോസിറ്റീവ് കേസുകളും വ്യാപിച്ച്‌ കിടക്കുന്നത്.ഘട്ടം ഘട്ടമായായിരുന്നു ഐസിഎംആറിന്റെ പഠനം. തീവ്രമായ ലക്ഷണങ്ങള്‍ കാണിക്കുന്നയാളുകളെ ടെസ്റ്റിന് വിധേയമാക്കിയാണ് ഐസിഎംആര്‍ പഠനം നടത്തിയത്. രാജ്യത്ത് സാമൂഹിക വ്യാപന സൂചനകളില്ല എന്നായിരുന്നു ആദ്യഘട്ടത്തില്‍ ഐസിഎംആര്‍ നടത്തിയ പഠനത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ രണ്ടാംഘട്ടത്തിലെ പഠനത്തില്‍ സാമൂഹിക വ്യാപന സാധ്യത വെളിവാക്കുന്ന പോസിറ്റീവ് കേസുകളാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്ന് ഐസിഎംആര്‍ ചൂണ്ടിക്കാട്ടുന്നു. മാര്‍ച്ച്‌ 14ന് മുൻപ് ഇത്തരത്തില്‍ ടെസ്റ്റിന് വിധേയമാക്കിയ ആരിലും പോസിറ്റീവ് കേസ് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. മാര്‍ച്ച്‌ 15നും 21നും ഇടയില്‍ 106പേരില്‍ നടത്തിയ പഠനത്തില്‍ 2 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.പിന്നീട് കേസുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയായിരുന്നു.മാര്‍ച്ച്‌ 22നും മാര്‍ച്ച്‌ 28നും ഇടയില്‍ 2877 പേരില്‍ നടത്തിയ പഠനത്തില്‍ 48പേരില്‍ രോഗം സ്ഥിരീകരിച്ചു. മാര്‍ച്ച്‌ 29നും ഏപ്രില്‍ 2നും 2069 തീവ്രമായ രോഗലക്ഷണങ്ങളുള്ളവരില്‍ നടത്തിയ ടെസ്റ്റുകളില്‍ 54 എണ്ണം പോസിറ്റീവ് ആയിരുന്നു. 5911 തീവ്രരോഗലക്ഷണങ്ങളുള്ളവരെ ടെസ്റ്റിന് വിധേയമാക്കിയപ്പോള്‍ അതില്‍ 104(1.8%) പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കാനായി.ഇതില്‍ 40 കേസുകള്‍ക്ക്(39.2%) വിദേശ യാത്രാ ചരിത്രമോ വിദേശികളുമായോ സമ്പർക്കമോ ഇല്ല.15 സംസ്ഥാനങ്ങളിലെ 36 ജില്ലകളില്‍ നിന്നാണ് ഈ 40 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 13 കേസുകള്‍ ഗുജറാത്തില്‍ നിന്നാണ്.തമിഴ്‌നാട്ടില്‍ 5, മഹാരാഷ്ട്രയില്‍ 21 കേരളം- 1 എന്നിങ്ങനെ പോകുന്നു ഐസിഎംആര്‍ സാമ്പിളുകളിലുൾപ്പെട്ട സ്ഥിരീകരിച്ച സംസ്ഥാനങ്ങള്‍. ഇതില്‍ രണ്ട് കേസുകള്‍ മാത്രമാണ് കൊറോണ പോസിറ്റീവ് ആയ ആളുമായി സമ്പർക്കത്തിലേര്‍പ്പെട്ടതിന്റെ ഭാഗമായി വന്നത്. ഒരു കേസ് വിദേശ യാത്ര ചെയ്തയാളുടേതായിരുന്നു ബാക്കി 59 കേസുകളുടെയും കൊറോണ സഞ്ചാര പഥം മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. ഈ പഠനങ്ങള്‍ രാജ്യത്ത് സാമൂഹിക വ്യാപനം എന്ന സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അതിനാല്‍ രാജ്യം അതീവ ജാഗ്രതയിലാണ്. ലോകത്താകമാനം കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഒരുലക്ഷത്തിലേക്ക് അടുക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമ്പോഴും കൊറോണയെ പിടിച്ചുകെട്ടാന്‍ കഴിയാതെ നിസ്സഹായാവസ്ഥയിലായിരിക്കുകയാണ് പല രാജ്യങ്ങളും.രോഗം കണ്ടെത്തുക, അതിനായി തുടര്‍ച്ചയായി ടെസ്റ്റുകള്‍ നടത്തിക്കൊണ്ടേയിരിക്കുക എന്നതാണ് ലോകാരോഗ്യസംഘടനയടക്കം കൊവിഡിനെ പിടിച്ചു കെട്ടാന്‍ മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദേശം. ഇത് അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഇതുവരെ ഒരു ലക്ഷത്തോളം ടെസ്റ്റുകളാണ് ഇന്ത്യയിലാകെ നടത്തിയിട്ടുള്ളത്. ഏപ്രില്‍ 14 ആകുമ്പോഴേക്ക് ഇത് രണ്ടരലക്ഷമാക്കണമെന്നാണ് നി‍ര്‍ദേശം.

Previous ArticleNext Article