കോഴിക്കോട്:മാഹിയിൽ രോഗബാധ സ്ഥിരീകരിച്ചയാൾക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ച 34 പേരെ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.ഇവര്‍ ഭക്ഷണം കഴിച്ച വടകരയിലെ ഇന്ത്യന്‍ കോഫി ഹൗസ് അടച്ചുപൂട്ടി.രോഗി സഞ്ചരിച്ച ടാക്സിയുടെ ഡ്രൈവര്‍, ഓട്ടോ ഡ്രൈവര്‍, ഇന്ത്യന്‍ കോഫി ഹൗസിലെ ജീവനക്കാര്‍ എന്നിവര്‍ നിരീക്ഷണത്തിലാണ്.അതേസമയം മലപ്പുറം വണ്ടൂരിലെ രോഗി ചികില്‍സയ്ക്കെത്തിയ താലൂക്ക് ആശുപത്രിയിലെ നാല് ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലാണ്.ക്ലിനിക്കിലെ ഡോക്ടര്‍മാരോടും രോഗി എത്തിയ താലൂക്ക് ആശുപത്രിയിലെ ഡോക്ടറോടും ജീവനക്കാരോടും അവധിയില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. മലപ്പുറം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി പ്രത്യേക നിരീക്ഷണം ഉറപ്പാക്കുന്ന നടപടികള്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. വണ്ടൂര്‍ വാണിയമ്പലം സ്വദേശിനിയുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയ 194 പേരെയും അവരുമായി സമ്പര്‍ക്കമുണ്ടായ 104 പേരെയും കണ്ടെത്തി. അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിനിയുമായി നേരിട്ട് ഇടപഴകിയ 110 പേരെയും അവരുമായി ബന്ധപ്പെട്ട 67 പേരെയും കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലിപ്പോള്‍ 2213 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. 17 പേര്‍ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്ടറും കോവിഡ് ലക്ഷണങ്ങളോടെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് .