ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍.വിദേശത്തുനിന്നും രാജ്യത്തേക്കുള്ള എല്ലാ വിമാന സര്‍വീസുകളും മാര്‍ച്ച് 22 മുതല്‍ 29 വരെ റദ്ദാക്കി.യാത്രാവിമാനങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.അതോടൊപ്പം രാജ്യത്ത് പത്തുവയസില്‍ താഴെയുള്ള കുട്ടികളും 65 വയസിന് മേലെയുള്ളവരും വീടുകളില്‍ തന്നെ തുടരണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നു.
പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ജോലിക്രമത്തില്‍ മാറ്റം വരുത്തി.ഗ്രൂപ്പ് ബി, സി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ 50 ശതമാനം പേര് എല്ലാദിവസവും ഓഫീസില്‍ എത്തണം. പകുതി ജീവനക്കാര്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്താല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ജീവനക്കാരുടെ സമയക്രമത്തില്‍ മാറ്റം വരുത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും രാജ്യം കടുത്ത നിയന്ത്രണത്തിലേക്ക് കടക്കുന്നതിന്റെ സൂചനയാണ് ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള പുതിയ നിര്‍ദേശം.രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നായി 826 ഓളം സാമ്പിളുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊറോണയുടെ മൂന്നാംഘട്ടമായ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് ഐ.സി.എം.ആര് വ്യക്തമാക്കുന്നത്. എന്നാല്‍ സമൂഹവ്യാപനം ഉണ്ടായിക്കഴിഞ്ഞാല്‍ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാണ്.ഇതിന്റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം.