Kerala, News

സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ ക്ഷാമം; തിരുവനന്തപുരത്ത് സ്റ്റോക്ക് തീര്‍ന്നു; വാക്‌സിനേഷന്‍ മുടങ്ങിയേക്കും

keralanews covid vaccine shortage in the state stock runs out in thiruvananthapuram vaccination may be discontinued

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷം.വിവിധ ജില്ലകളിൽ വാക്‌സിൻ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്താണ് ക്ഷാമം ഏറ്റവും രൂക്ഷം. ഇന്നും നാളെയും നൽകാനുള്ള വാക്‌സിൻ മാത്രമേ തിരുവനന്തപുരം ജില്ലയിൽ സ്റ്റോക്കുള്ളൂ. എത്രയും പെട്ടെന്ന് വാക്‌സിൻ എത്തിയില്ലെങ്കിൽ ഇവിടെ വിതരണം അവതാളത്തിലാകും. സംസ്ഥാനത്തെ മറ്റു റീജിയനുകളിലും ദിവസങ്ങള്‍ക്കുള്ളില്‍ സ്റ്റോക്ക് തീരുമെന്നാണ് റിപ്പോര്‍ട്ട്.കേരളത്തിന് പുറമേ പല സംസ്ഥാനങ്ങളും വാക്‌സിന്‍ ക്ഷാമം നേരിടുന്നുണ്ട്. ഏറ്റവും അധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മഹാരാഷ്ട്രയിലെ പല ജില്ലയിലും വാക്സിന്‍ വിതരണം നിര്‍ത്തി. ഒഡീഷയിലും പലയിടത്തും വാക്സിന്‍കേന്ദ്രങ്ങള്‍ അടച്ചു. അടിയന്തരമായി 30 ലക്ഷം ഡോസ് വാക്സിന്‍ വേണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം സംസ്ഥാനങ്ങളുടെ പക്കല്‍ ശേഷിക്കുന്നത് അഞ്ചര ദിവസത്തേക്കുള്ള വാക്സിന്‍ മാത്രമാണ്. കേന്ദ്രം ഇതുവരെ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് 11.14 കോടി ഡോസ് വാക്സിനാണ്. ഇതില്‍ 9.16 കോടി ഡോസ് കുത്തിവച്ചു. ശേഷിക്കുന്നത് 1.97 കോടി ഡോസ്. പ്രതിദിനം 36 ലക്ഷം ഡോസ് കുത്തിവയ്ക്കുന്നു. അതേസമയം പുതിയ സാഹചര്യത്തില്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുമെന്നറിയിച്ച്‌ മരുന്ന് കമ്പനികൾ  അറിയിച്ചു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അടുത്ത മാസത്തോടെ പ്രതിമാസ ഉല്‍പാദനം 70 മില്യണ്‍ ഡോസില്‍ നിന്ന് 100 മില്യണ്‍ ഡോസ് ആക്കി ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ലക്ഷം ഡോസുള്ള പ്രതിമാസ ഉത്പാദനം അഞ്ച് ലക്ഷമാക്കുമെന്ന് ഭാരത് ബയോടെക്കും വ്യക്തമാക്കി.

Previous ArticleNext Article