Kerala, News

കോവിഡ് വാക്‌സിന് ചെറിയ തരത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാം;തെറ്റിദ്ധാരണ പരത്തരുത്;ഫലം ലഭിക്കണമെങ്കിൽ ഉറപ്പായും രണ്ട് ഡോസ് വാക്‌സിൻ എടുക്കണം;നിര്‍ദേശങ്ങളുമായി ആരോഗ്യമന്ത്രി

keralanews covid vaccine may have minor side effects do not spread misunderstandings be sure to take two doses of vaccine to get results health minister with instructions

തിരുവനന്തപുരം: കോവിഡ് വാക്‌സിന് ചെറിയ തരത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ചിലര്‍ക്ക് പനി പോലുള്ള പാര്‍ശ്വഫലങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാൽ പാര്‍ശ്വഫലങ്ങളില്‍ ഭയക്കേണ്ടതില്ല. ആദ്യ ഡോസ് എടുത്ത് കഴിയുമ്പോൾ തന്നെ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അറിയാനാകും. നിലവില്‍ വാക്‌സിന്‍ നല്‍കിയ രാജ്യങ്ങളിലൊന്നും ഗുരുതര പാര്‍ശ്വഫലങ്ങള്‍ കണ്ടിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. ആദ്യ ഡോസ് എടുത്തവര്‍ ഉറപ്പായും അടുത്ത ഡോസ് എടുത്തിരിക്കണമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.മരുന്നുകളോട് അലര്‍ജി ഉള്ളവര്‍ വാക്‌സിന്‍ കേന്ദ്രത്തില്‍ എത്തുമ്പോൾ തന്നെ അറിയിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.നിശ്ചിത ഇടവേളകളില്‍ രണ്ട് പ്രാവശ്യം വാക്‌സിൻ എടുത്താല്‍ മാത്രമേ ഫലം ലഭിക്കൂ. 4 മുതല്‍ 6 ആഴ്ചകള്‍ക്കുള്ളിലാണ് രണ്ടാമത്തെ വാക്‌സിന് എടുത്തിരിക്കേണ്ടത്. ആദ്യ ഡോസ് എടുത്തു കഴിഞ്ഞാല്‍ ഉണ്ടാകുന്ന ചെറിയ ചെറിയ ബുദ്ധിമുട്ടുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യണം. ആ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ കൂടിയാണ് രണ്ടാമത്തെ വാക്‌സിന് എടുക്കുന്നതിനുള്ള സമയം നീട്ടിയത്. വാക്‌സിനെ പറ്റി തെറ്റിദ്ധാരണകള്‍ പരത്തരുത്. ഭയപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കിയ ശേഷം മുന്‍ഗണന രീതിയില്‍ മറ്റുള്ളവര്‍ക്ക് നല്‍കും. ചുരുങ്ങിയ സമയം കൊണ്ട് എല്ലാ തയ്യാറെടുപ്പുകളും എടുത്ത ആരോഗ്യപ്രവര്‍ത്തകരെ ആരോഗ്യമന്ത്രി അഭിനന്ദിച്ചു. പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ശില്‍പശാലയിലാണ് മന്ത്രിയുടെ പ്രതികരണം.

ജില്ലകളില്‍ അതത് മന്ത്രിമാര്‍ക്കായിരിക്കും വാക്‌സിനേഷന്റെ ചുമതല. വാക്‌സിന്‍ വിജയകരമായി നടപ്പിലാക്കാന്‍ എല്ലാവരുടേയും പിന്തുണ തേടുന്നതായും മന്ത്രി വ്യക്തമായി. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ വിഷയാവതരണം നടത്തിയ ചടങ്ങില്‍ പ്ലാനിംഗ് ബോര്‍ഡ് മെമ്പർ ഡോ. ബി. ഇക്ബാല്‍, മുഖ്യമന്ത്രിയുടെ കോവിഡ്-19 ഉപദേഷ്ടാവ് രാജീവ് സദാനന്ദന്‍, ഡബ്ല്യൂ.എച്ച്‌.ഒ. പ്രതിനിധി ഡോ. റോഡറിഗോ എച്ച്‌. ഓഫ്രിന്‍, യൂണിസെഫ് പ്രതിനിധി സുഗത റോയ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.കോവിഡ് വാക്‌സിന്‍ അടിസ്ഥാന വിവരങ്ങള്‍ എന്ന വിഷയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. പി.എസ്. ഇന്ദു, കോവിഡ് വാക്‌സിനും ആരോഗ്യവും എന്ന വിഷയത്തില്‍ എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ സന്തോഷ് കുമാര്‍, അസി. പ്രൊഫസര്‍ ഡോ. റിയാസ്, പ്രതിരോധ കുത്തിവയ്പ്പും സാമൂഹ്യ ആരോഗ്യവും എന്ന വിഷയത്തില്‍ മെഡിക്കല്‍ കോളേജ് അസോ. പ്രൊഫസര്‍ ഡോ. ടി.എസ്. അനീഷ്., വാക്‌സിന്‍ വിതരണ സംവിധാനം എന്ന വിഷയത്തില്‍ എന്‍.എച്ച്‌.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, മെഡിക്കല്‍ കോളേജിലെ സംവിധാനങ്ങള്‍ എന്ന വിഷയത്തില്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി എന്നിവര്‍ സംസാരിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത സ്വാഗതവും കേരള എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്‌ട് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ് നന്ദിയും പറഞ്ഞു.

Previous ArticleNext Article