Kerala, News

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് നാളെ ആരംഭിക്കും; ആദ്യദിനം മൂന്നുലക്ഷം പേര്‍ക്ക് വാക്‌സിൻ നൽകും

keralanews covid vaccination in the country will start tomorrow three lakh people will be vaccinated on the first day

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് നാളെ ആരംഭിക്കും. മൂന്നുലക്ഷം പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിന്‍ വിതരണം ഉദ്ഘാടനം ചെയ്യും.രാജ്യമൊട്ടാകെ 2,934 വാക്‌സിനേഷന്‍ ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 3,62,870 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ഒരു ബൂത്തില്‍ ഒരേ വാക്‌സിന്‍ തന്നെയാവണം രണ്ടുതവണയും നല്‍കേണ്ടത്. കൊവിഷീല്‍ഡോ, കൊവാക്‌സിനോ എന്നത് അതാതിടങ്ങളിലെ ലഭ്യതക്കനുസരിച്ച്‌ തീരുമാനിക്കാമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.വാക്‌സിനുകളായ കൊവിഷീല്‍ഡിനോ, കൊവാക്‌സിനോ പാര്‍ശ്വഫലങ്ങളുണ്ടായാല്‍ പൂര്‍ണ ഉത്തരവാദിത്ത്വം നിര്‍മാണ കമ്പനികളായ സിറം ഇസ്റ്റിട്യൂട്ടിനും, ഭാരത് ബയോ ടെക്കിനുമായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്‌ട് അനുസരിച്ചുള്ള നിയമനടപടികള്‍ കമ്പനികൾ നേരിടണം. വ്യക്തികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.കേരളത്തില്‍ നാളെ രാവിലെ 9 മണി മുതല്‍ കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് തുടങ്ങും. 133 കേന്ദ്രങ്ങളില്‍ ആയി 100 വീതം പേര്‍ക്കാണ് ഓരോ ദിവസവും കുത്തിവയ്പ്പ് നല്‍കുക. 4,33,500 ഡോസ് വാക്‌സിന്‍ ബുധനാഴ്ചയാണ് കേരളത്തിലെത്തിച്ചത്. ആദ്യ ഡോസ് എടുത്തവര്‍ ഉറപ്പായും അടുത്ത ഡോസ് എടുത്തിരിക്കണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.വാക്‌സിനെപ്പറ്റി തെറ്റിദ്ധാരണകള്‍ പരത്തരുത്. ഭയപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

Previous ArticleNext Article