കണ്ണൂർ:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂരില്‍ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കി.നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS ന്‍റെ നേതൃത്വത്തില്‍ കണ്ണൂര്‍ ടൌണിലെ മാളുകള്‍, മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നേരിട്ടുള്ള പരിശോധന നടത്തി. അടുത്ത ദിവസം മുതല്‍ കണ്ണൂര്‍ സിറ്റി പോലീസ് പരിധികളില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നും ജില്ലയിലെ കോവിഡ് വ്യാപനത്തിനെതിരെ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുമെന്നും പോലീസ് പട്രോളിങ്ങ് സംവിധാനങ്ങളും വാഹന പരിശോധനയും നടത്തുമെന്നും കമ്മീഷണര്‍ അറിയിച്ചു.വ്യാപാരസ്ഥാപനങ്ങളില്‍ സാനിറ്റെസര്‍ സാമൂഹിക അകലം എന്നിവ ഉറപ്പുവരുത്തുന്നതിനായി പോലീസിനെ ഒരുക്കിയിട്ടുണ്ട്. പൊതുപരിപാടികള്‍, ആഘോഷങ്ങള്‍, വാഹനങ്ങള്‍, മാളുകള്‍ , ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയവ പോലീസ്സിന്‍റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും.അടച്ചിട്ട മുറികളില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പരമാവധി 100 പേര്‍ക്ക് മാത്രമേ ഒത്തുകൂടാന്‍ അനുവാദമുള്ളൂ. മീറ്റിംഗുകള്‍ / പ്രോഗ്രാമുകള്‍, പൊതു പരിപാടികളില്‍ പരമാവധി 200 പേര്‍ മാത്രം പങ്കെടുക്കുക. (വിവാഹങ്ങള്‍, ശവസംസ്കാരങ്ങള്‍, ഉത്സവങ്ങള്‍, കായികം, കല, സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവ).രണ്ടു മണിക്കൂറില്‍ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കരുത്. എല്ലാ പരിപാടികളിലും കഴിയുന്നിടത്തോളം പാര്‍സല്‍ ഭക്ഷണം നല്കുക . ഷോപ്പുകള്‍/മാളുകള്‍/കച്ചവട സ്ഥാപനങ്ങള്‍ എന്നിവ എല്ലാ ദിവസവും രാത്രി 9 മണിയോടെ അടയ്ക്കുകയും പരമാവധി ഓണ്‍ലൈന്‍ വിതരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.തിരക്ക് ഫലപ്രദമായി നിയന്ത്രിക്കുന്നതിനു മീറ്റിംഗുകള്‍ ഓണ്‍ലൈനില്‍ നടത്തണം. സിനിമാശാലകള്‍ / തീയറ്ററുകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം.ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ടേക്ക്-എവേകളും ഹോം ഡെലിവറിയും പ്രോത്സാഹിപ്പിക്കുക. മതനേതാക്കളും ജില്ലാ അധികാരികളും സമൂഹിക ഒത്തുചേരലുകള്‍ ഒഴിവാക്കാന്‍ പ്രേരിപ്പിക്കുക. പൊതുഗതാഗതത്തിനായി ഉദ്ദേശിച്ചിട്ടുള്ള ബസുകള്‍ നില്‍ക്കുന്ന യാത്രക്കാരെ അനുവദിക്കരുത്. ബസുകള്‍ ഇരിപ്പിട ശേഷിക്ക് അപ്പുറത്തുള്ള യാത്രക്കാരെ എടുക്കരുത്.സര്‍ക്കാരിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും പോലീസിന്‍റെയും കോവിഡ് -19 നെതിരെയുള്ള പ്രതിരോധ/നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് അറിയിച്ചു.