തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഒക്ടോബര്‍ 31വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കി.സംസ്ഥാനത്ത് വരെ 5 പേരില്‍ കൂടുതല്‍ വരുന്ന എല്ലാ മീറ്റിങ്ങുകളും യോഗങ്ങളും കൂടിച്ചേരലുകളും നിരോധിച്ചു.വിവാഹത്തിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാമെന്ന ഇളവ് നിലനില്ക്കും.ഒക്ടോബര്‍ മൂന്നിന് രാവിലെ ഒൻപത് മണിമുതല്‍ 31ന് അര്‍ദ്ധരാത്രി വരെയാണ് കൂടിച്ചേരലുകള്‍ക്ക് കര്‍ശന നിയന്ത്രണം.സാമൂഹിക അകലം പാലിക്കുന്നത് ലംഘിച്ചാല്‍ ക്രിമിനല്‍ ചട്ടം സെക്ഷന്‍ 144 പ്രകാരമുള്ള നിയമനടപടി സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. രോഗവ്യാപനം തടയുന്നതിന് ക്രിമിനല്‍ ചട്ടം സെക്ഷന്‍ 144 പ്രകാരമുള്ള നിയമനടപടി സ്വീകരിക്കാന്‍ അതത് ജില്ലാ മജിസ്ട്രേറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ടെയ്ന്മെന്റ് സോണുകളില്‍ നിയന്ത്രണം കൂടുതല്‍ കര്‍ശനമായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്നിരുന്നു. ഇതില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ ഒക്ടോബര്‍ 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.