തിരുവനന്തപുരം :സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ഏർപ്പെടുത്താൻ ആലോചന.ചൊവ്വാഴ്ച ആരംഭിച്ച മിനി ലോക്ഡൗണ്‍ കാര്യമായ ഫലം കാണുന്നില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം സമ്പൂർണ്ണ ലോക്ക്ഡൗണ്‍ നടപ്പാക്കാതെ ആളുകളെ നിയന്ത്രിക്കാനാവില്ലെന്ന് പോലീസ് പറഞ്ഞു. പലരും അനാവശ്യമായിട്ടാണ് പുറത്തിറങ്ങുന്നത്. ആളുകളെ നിയന്ത്രിക്കാനാവില്ലെന്നു പോലീസും പോലീസ് നടപടികള്‍ പരിധി വിടുന്നുവെന്നു ജനങ്ങളും ആരോപിക്കുന്ന സാഹചര്യമാണ് നിലവില്‍. പലയിടത്തും പോലീസ് പരിശോധന പരിധി വിടുന്നതായി പരാതിയുണ്ട്.സാഹചര്യം കണക്കിലെടുത്താവും ലോക്ക്ഡൗണ്‍ തീരുമാനം ഉണ്ടാവുക. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഇനിയും കടുപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കെഎസ്ഇബി, ജല അതോറിറ്റി കുടിശികകള്‍ പിരിക്കുന്നത് 2 മാസത്തേക്കു നിര്‍ത്തിവയ്ക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. റിക്കവറി നടപടികള്‍ നീട്ടിവയ്ക്കാന്‍ ബാങ്കുകളോട് അഭ്യര്‍ഥിക്കും. നിര്‍മാണ മേഖലയ്ക്കാവശ്യമായ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കണം. അതിഥിത്തൊഴിലാളികളെ ഉള്‍പ്പെടെ ഉപയോഗിച്ച് നിര്‍മാണമേഖല പ്രവര്‍ത്തിപ്പിക്കണം. സ്വകാര്യ പണമിടപാടു സ്ഥാപനങ്ങള്‍ പണപ്പിരിവ് നിര്‍ത്തിവച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.