ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ നിലവിലെ സാഹചര്യം വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം തുടങ്ങി. കേരളത്തെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വാക്‌സിന്‍ ക്ഷാമം പരിഹരിക്കുന്നതിനുളള നടപടികള്‍ക്കൊപ്പം തുടര്‍ വിതരണവും യോഗത്തില്‍ ചര്‍ച്ചയാകും.സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍, ലോക്ക്ഡൗണിലേക്ക് പോകേണ്ട സാഹചര്യമുണ്ടോ തുടങ്ങി കാര്യങ്ങളെല്ലാം യോഗത്തില്‍ ചര്‍ച്ച ആയേക്കുമെന്നാണ് വിവരം. മുഖ്യമന്ത്രിമാരുമായുളള യോഗം കഴിഞ്ഞശേഷം പന്ത്രണ്ട് മണിയ്‌ക്ക് ഓക്‌സിജന്‍ നിര്‍മ്മാണ കമ്പനി മേധാവികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കിയാണ് പ്രധാനമന്ത്രി ഡല്‍ഹിയില്‍ നിന്ന് ഉന്നതതല യോഗങ്ങളില്‍ പങ്കെടുക്കുന്നത്. ഇന്നോ നാളെയോ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.