കണ്ണൂര്‍: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്കായുള്ള മാർഗനിർദേശങ്ങൾ പുതുക്കി കണ്ണൂർ ജില്ലാ ഭരണകൂടം.ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ എത്തുന്നവര്‍ ഇ ജാഗ്രത പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യണം. വാക്‌സിനേഷന്‍ ചെയ്തവരും ചെയ്യാത്തവരും നിര്‍ബന്ധമായും ജില്ലയില്‍ പ്രവേശിക്കുന്നതിന് 48 മണിക്കൂര്‍ മുൻപോ എത്തിയ ഉടനെയോ ആര്‍ടിപിസിആര്‍ പരിശോധന ചെയ്തിരിക്കണം.പരിശോധന നടത്താതെ ജില്ലയില്‍ എത്തുന്നവര്‍ റൂം ഐസൊലേഷന്‍ നിര്‍ബന്ധമായും സ്വീകരിക്കണം. പരിശോധനഫലം പോസിറ്റീവ് ആകുന്നവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് തുടർ ചികിത്സ നടത്തണം.പരിശോധന ഫലം നെഗററ്റീവ് ആവുന്നവര്‍ പൊതുസ്ഥലങ്ങളില്‍ സാമൂഹ്യഅകലം, മുഖാവരണം, വ്യക്തി ശുചിത്വം എന്നിവ കൃത്യമായി പാലിക്കണം.കൊവിഡ് ലക്ഷണങ്ങള്‍ പിന്നീട് പ്രകടിപ്പിക്കുകയാണെങ്കില്‍ ചികിത്സ തേടേണ്ടതാണ്. ആര്‍ടിപിസിആര്‍ പരിശോധന നടത്താത്തവര്‍ 14 ദിവസം റൂം ഐസെലേഷന്‍ തുടരണം. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുക. വിദേശത്ത് നിന്നും എത്തുന്നവര്‍ നിലവിലെ പ്രൊട്ടോകോള്‍ പാലിക്കേണ്ടതാണെന്നും കളക്റ്ററുടെ ഉത്തരവില്‍ പറയുന്നു.