തിരുവനന്തപുരം:കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍.ഈ മാസം 15-നുശേഷം സംസ്ഥാനങ്ങള്‍ക്ക് സ്കൂള്‍ തുറക്കുന്നതു തീരുമാനിക്കാമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. ഇപ്പോള്‍ സ്കൂളുകള്‍ തുറക്കുന്നത് പ്രായോഗികമല്ലെന്നു ജില്ലകളില്‍ നിന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചു. സംസ്ഥാനത്തെ പല സ്കൂളുകളും ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളുമാണ്.മാത്രമല്ല ഈ മാസം പകുതിയോടെ കോവിഡ് ബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണു സര്‍ക്കാരിനു ലഭിച്ച റിപ്പോര്‍ട്ടുകളും. അതുകൊണ്ടുതന്നെ സ്കൂള്‍ തുറക്കുന്നത് പ്രായോഗികമല്ലെന്നാണ് വിലയിരുത്തല്‍.10,12 ക്ലാസ് വിദ്യാര്‍ഥികളെ സംശയനിവാരണത്തിനായി നിയന്ത്രണങ്ങള്‍ പാലിച്ചു സ്കൂളിലെത്താന്‍ അനുവദിക്കാമെന്നു നേരത്തേ വിദ്യാഭ്യാസ ഡയറക്ടര്‍ ശുപാര്‍ശ നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍ കൂടി പരിഗണിച്ചാകും അന്തിമതീരുമാനം എടുക്കുക. കേരളത്തില്‍ കോവിഡിന്റെ സൂപ്പര്‍ സ്പ്രെഡ് ഏതുനിമിഷവും സംഭവിക്കാമെന്ന വിലയിരുത്തലിലാണ് നിയന്ത്രണം കടുപ്പിക്കുന്നത്. തിയേറ്ററുകളും മള്‍ട്ടിപ്ലക്സുകളും പകുതിപ്പേരെ പ്രവേശിപ്പിച്ച് തുറക്കാനുള്ള നിര്‍ദേശവും കേരളം ഇപ്പോള്‍ നടപ്പാക്കില്ല.നാലാംഘട്ട തുറക്കല്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ സാമൂഹിക, സാംസ്കാരിക, മതചടങ്ങുകള്‍ക്ക് നൂറുപേര്‍വരെ പങ്കെടുക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിരുന്നു. സംസ്ഥാനത്ത് ഇക്കാര്യങ്ങളില്‍ നിലവിലുള്ള ഇളവുകള്‍മാത്രം മതിയെന്നാണു തീരുമാനം. വിവാഹങ്ങള്‍ക്ക് 50, മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര് എന്ന നിയന്ത്രണം തുടരും. കൂടാതെ ഓരോ ജില്ലകളിലെ സാഹചര്യം വിലയിരുത്തി ജില്ലാ മജിസ്ട്രേറ്റുമാര്‍ 144 പ്രഖ്യാപിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ കര്‍ശന നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടന്നത്. സമ്പര്‍ക്കവ്യാപനം തടയാന്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക മാത്രമാണ് പോംവഴി. ഇത് കണക്കിലെടുത്താണ് നിരോധനാജ്ഞ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് വിലക്കിയാണ് ഉത്തരവ്. സിആര്‍പിസി 144 പ്രകാരമാണ് നടപടി. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് കളക്ടര്‍മാര്‍ക്ക് കൂടുതല്‍ നടപടികളെടുക്കാമെന്നും നിര്‍ദേശമുണ്ട്. കണ്ടെയ്മെന്റ് സോണുകളിലും തീവ്ര രോഗവ്യാപനമുള്ള പ്രദേശങ്ങളിലും കര്‍ശന നിയന്ത്രങ്ങള്‍ തുടരണം.