Kerala, News

കേരളത്തില്‍ കോവിഡ് വ്യാപനം അതിതീവ്രം;രണ്ടാഴ്ച ലോക്ക് ഡൗണ്‍ വേണമെന്ന് കെ ജി എം ഒ എ

keralanews covid spread is severe in kerala k g m o a demands two weeks lockdown

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം അതിതീവ്രമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ. സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നും, രണ്ടാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നും ചീഫ് സെക്രട്ടറിയ്ക്ക് അയച്ച കത്തില്‍ സംഘടന ആവശ്യപ്പെടുന്നു.സംസ്ഥാനം അതിതീവ്ര രോഗവ്യാപനത്തിന്റെ ഘട്ടത്തിലായതിനാല്‍ അടിയന്തര ഇടപെടല്‍ വേണമെന്നും ജനിതക വ്യതിയാനം വന്ന വൈറസ് വായുവിലൂടെ പകരുമെന്നും കെജിഎംഒഎ മുന്നറിയിപ്പ് നല്‍കി.രോഗികളുടെ എണ്ണം കൂടുന്നത് അപായ സൂചനയാണ്. പ്രതിസന്ധികള്‍ നേരിടാന്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കണമെന്നും കത്തില്‍ പറയുന്നു. കൊവിഡ് ആശുപത്രികള്‍ ഗുരുതര രോഗികള്‍ക്ക് മാത്രമായി നീക്കിവയ്ക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം അടിയന്തരമായി പരിഹരിക്കണം. പൊതുഇടങ്ങളില്‍ ആളുകള്‍ എത്തുന്നത് ഒഴിവാക്കണം. അവര്‍ വീടുകളില്‍ തന്നെ ഇരിക്കുന്നുവെന്ന് ഉറപ്പാക്കണം. ഒരു രോഗിയില്‍ നിന്ന് നൂറ് കണക്കിന് ആളുകളിലേക്ക് കൊവിഡ് പകരാന്‍ സാധ്യതയുണ്ട്.കൂടുതല്‍ ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ലഭ്യമാക്കണം. പിപിഇ കിറ്റുകളുടെ ലഭ്യത യുദ്ധാകാലടിസ്ഥാനത്തില്‍ ഉറപ്പാക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിശ്ചിത കിടക്കകള്‍ മാറ്റി വയ്ക്കണമെന്നും കെജിഎംഒഎ കത്തില്‍ വ്യക്തമാക്കി.അതേസമയം കോഴിക്കോട് സ്വയം പ്രഖ്യാപിത ലോക്ക്ഡൗണ്‍ വേണമെന്ന ആവശ്യവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്. ജില്ലയില്‍ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.

Previous ArticleNext Article